ദല്‍ഹിയില്‍ എത്തിയിട്ടും അമരീന്ദര്‍ സോണിയയെയും രാഹുലിനെയും കണ്ടില്ല; പഞ്ചാബില്‍ പോര് മുറുകുന്നു
national news
ദല്‍ഹിയില്‍ എത്തിയിട്ടും അമരീന്ദര്‍ സോണിയയെയും രാഹുലിനെയും കണ്ടില്ല; പഞ്ചാബില്‍ പോര് മുറുകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd June 2021, 11:34 pm

ന്യൂദല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്.ദല്‍ഹിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാതെ മടങ്ങിയതായാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട പഞ്ചാബില്‍ വേഗത്തില്‍ തന്നെ പ്രശ്‌നപരിഹാരത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിനായി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നംഗ സമിതി നേതാക്കളെ കാണുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അമരീന്ദര്‍ സിംഗും നവ്‌ജോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് പഞ്ചാബ് കോണ്‍ഗ്രസിന് തലവേദന ആയിരിക്കുന്നത്.

സിദ്ദു ആംആദ്മിയിലേക്ക് പോകാനുള്ള ശ്രമം നടത്തുകയാണെന്ന് അമരീന്ദര്‍ പറഞ്ഞിരുന്നു. എന്നാല്‍ അമരീന്ദറിന്റെ ആരോപണം തള്ളി സിദ്ദു രംഗത്തെത്തിയിരുന്നു.

പറ്റുമെങ്കില്‍ ആരോപണം തെളിയിക്കൂ എന്നാണ് സിദ്ദു അമരീന്ദറിനോട് പറഞ്ഞത്.

പഞ്ചാബിലെ പ്രശ്‌നപരിഹാരത്തിന് രാജ്യസഭാംഗം മല്ലികാര്‍ജുന്‍ ഖര്‍ഗെ, പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത്, മുതിര്‍ന്ന നേതാവ് ജെ.പി. അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: punjab congress conflict