| Monday, 27th May 2019, 11:09 pm

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; പഞ്ചാബ് അധ്യക്ഷനും രാഹുലിന് രാജിക്കത്ത് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. ഉത്തര്‍പ്രദേശ്. ഒഡീഷ, കര്‍ണാടക, അസം സംസ്ഥാനങ്ങള്‍ക്ക്പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും രാജിസന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് കത്തെഴുതി.

സുനില്‍ ജാഖറാണ് താന്‍ മത്സരിച്ച മണ്ഡലത്തിലെ തോവല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചത്. രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, എന്നിവര്‍ തനിക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്‌തെങ്കിലും ജയിക്കാനായില്ലെന്ന് കത്തില്‍ പറയുന്നു.

‘എല്ലാവരും പരമാവധി നന്നായി പ്രവര്‍ത്തിച്ചു. എന്നിട്ടും എനിക്ക് സീറ്റ് നിലനിര്‍ത്താനായില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷനായിരിക്കാന്‍ ധാര്‍മ്മികമായ അവകാശമില്ല.’

നടനും ബി.ജെ.പി നേതാവുമായി സണ്ണി ഡിയോളിനോട് അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ജാഖര്‍ പരാജയപ്പെട്ടത്. എന്നാല്‍ ജാഖര്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും പാര്‍ട്ടി സംസ്ഥാനത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

നേരത്തെ അസം പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ റിപുന്‍ ബോറ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജി.

ജാര്‍ഖണ്ഡ് അധ്യക്ഷന്‍ ഡോ. അജയ് കുമാറും രാജിസന്നദ്ധത അറിയിച്ചിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടി ഒരു ലോക്സഭാ സീറ്റില്‍ മാത്രമായി ഒതുങ്ങിപ്പോയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തോല്‍വിക്കു കാരണം എന്തൊക്കെയാണെങ്കിലും അധ്യക്ഷസ്ഥാനത്തു തുടരാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു ബോറ പറഞ്ഞത്. പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണു താനെന്നും ഒരു പുതിയ പിന്‍ഗാമി തന്റെ സ്ഥാനത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ 14 ലോക്സഭാ സീറ്റുകളില്‍ ഒമ്പതെണ്ണവും ബി.ജെ.പി നേടിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്.

നേരത്തേ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, ഒഡിഷയിലെ അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക് എന്നിവരും കര്‍ണാടകയിലെ പ്രചാരണവിഭാഗം തലവന്‍ എച്ച്.കെ പാട്ടീലുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു രാജിക്കത്ത് അയച്ചത്.

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 63 എണ്ണത്തില്‍ ബി.ജെ.പി ജയിക്കുകയും രാഹുലിന്റെ സീറ്റ് പരാജയപ്പെട്ടതുമാണ് രാജിവെയ്ക്കാന്‍ ബബ്ബറിനെ പ്രേരിപ്പിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തു രാജിവെയ്ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഒഡീഷയിലെ 147 മണ്ഡലങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം കണ്ടത് ഒമ്പത് സീറ്റില്‍ മാത്രമാണ്. കഴിഞ്ഞതവണ 16 സീറ്റ് നേടിയിരുന്നു. അതേസമയം കഴിഞ്ഞതവണ ഒരു സീറ്റ് പോലും ഒഡീഷയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടാനാവാതെ പോയ കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റ് നേടി. 21 സീറ്റുകളാണ് സംസ്ഥാനത്താകെയുള്ളത്.

ഒഡീഷ സംസ്ഥാനാധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കിനും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും വിജയിക്കാനായില്ലെന്നതാണു ശ്രദ്ധേയം. ഭണ്ഡാരിപോഖാരി, ഘാസിപുര മണ്ഡലങ്ങളില്‍ മത്സരിച്ച നിരഞ്ജനും ബാലസോറില്‍ നിന്നു മത്സരിച്ച അദ്ദേഹത്തിന്റെ മകന്‍ നബജ്യോതി ദാസും പരാജയപ്പെട്ടു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധിയും ഉറച്ചുനില്‍ക്കുകയാണ്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more