ചണ്ഡിഗഢ്: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു.
പാര്‍ട്ടി മുന്നോട്ടു വെക്കുന്ന തീരുമാനങ്ങള്‍ താന്‍ കൃത്യമായി പാലിക്കുമെന്നും, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങള്‍ മാനിക്കുന്നുവെന്നും സിദ്ദു പറഞ്ഞു.
ട്വറ്ററിലൂടെയായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
Nothing great was ever achieved without an act of decision …. Warm welcome to our leading light Rahul Ji , who comes to give clarity to Punjab …. All will abide by his decision !!!
‘വ്യക്തമായ തീരുമാനങ്ങളില്ലാതെ മഹത്തരമായ ഒരു കാര്യവും ഇതുവരെ നേടിയിട്ടില്ല. എല്ലാ കാര്യങ്ങളിലും വ്യക്തത നല്‍ത്തുന്ന നമ്മുടെ മാര്‍ഗദീപമായ രാഹുല്‍ ഗാന്ധിക്ക് പഞ്ചാബിലേക്ക് ഊഷ്മളമായ സ്വാഗതം. എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ അനുസരിക്കും,’ സിദ്ദു ട്വീറ്റ് ചെയ്തു.
അതേസമയം, തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ വിജയപ്രതീക്ഷയാണ് സിദ്ദുവിനുള്ളത്. കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നായ മണ്ഡലത്തില്‍ നിന്നും എളുപ്പം വിജയിച്ചു കയറാം എന്ന വിശ്വാസത്തിലാണ് സിദ്ദു.
അതേസമയം, ബി.ജെ.പിയില്‍ നിന്നോ, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നോ ആയിരിക്കില്ല പകരം ശിരോമണി അകാലി ദളില്‍ നിന്നായിരിക്കും സിദ്ദുവിന് ശക്തമായ മത്സരം ഉണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
ശിരോമണി അകാലി ദളിന്റെ സമുന്നതനായ നേതാവ് ബിക്രം മജിതിയെ തന്നെ കളത്തിലിറക്കിയാണ് എസ്.എ.ഡി പഞ്ചാബിനെ ഞെട്ടിച്ചിരിക്കുന്നത്. അമൃത്സര്‍ ആരുടെയും കുത്തക മണ്ഡലമാണെന്ന് ആരും കരുതേണ്ടതില്ലെന്നും, സിദ്ദുവിനെ തോല്‍പിക്കുമെന്നുമായിരുന്നു മജിതിയുടെ പ്രഖ്യാപനം.
ബിക്രം മജിതി
ചന്നിയുടെ സ്ഥാനാര്‍ത്തിത്വത്തെ ചൊല്ലി സിദ്ദു ഇന്നലെ പരസ്യമായി രംഗത്തെത്തിയിരുന്നു. ചന്നിയുടെയോ നേതൃത്വത്തെയോ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മുഖ്യമന്ത്രിയാവണമെങ്കില്‍ ആദ്യം 60 പേരെങ്കിലും ജയിച്ച് എം.എല്‍.എ ആവണമെന്നായിരുന്നു സിദ്ദു പറഞ്ഞത്. അമൃത്സറില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു സിദ്ദുവിന്റെ പ്രതികരണം.
‘ഇന്ന് പഞ്ചാബ് വലിയൊരു കാര്യം തീരുമാനിക്കണമായിരുന്നു. ഒരാള്‍ക്ക് മുഖ്യമന്ത്രിയാവണമെങ്കില്‍ 60 എം.എല്‍.എമാരുടെ പിന്തുണയെങ്കിലും വേണം. സര്‍ക്കാരുണ്ടാക്കണം. എന്നാല്‍ അതിനെ കുറിച്ച് ആരും തന്നെ ഒന്നും ചര്‍ച്ച ചെയ്യുന്നില്ല, സര്‍ക്കാരുണ്ടാക്കാനുള്ള വഴികളെ കുറിച്ചോ ആരും ഒന്നും സംസാരിക്കുന്നില്ല, എല്ലാവരും മുഖ്യമന്ത്രിയെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്,’ സിദ്ദു പറയുന്നു.
117 അംഗങ്ങളുള്ള പഞ്ചാബ് മന്ത്രിസഭയില്‍ 60 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധ്യമാവൂ. 59 ആംഗ നിയമനിര്‍മാണ കമ്മിറ്റിയെക്കാള്‍ ഒരാള്‍ അധികം ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് 60 പേരുടെ പിന്തുണ ആവശ്യമായിട്ടുള്ളത്.
മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണം എന്ന നിലപാടായിരുന്നു സിദ്ദുവിന്. ചന്നിയുടെയും സിദ്ദുവിന്റെയും പേരുകളായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും അത്ര സ്വരച്ചേര്‍ച്ചയിലും അല്ലായിരുന്നു.
ചന്നിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ സിദ്ദുവിന് കടുത്ത അതൃപ്തിയും ഉണ്ടായിരുന്നു. എന്നാല്‍ സിദ്ദുവിന്റെ അതൃപ്തി കണക്കിലെടുക്കേണ്ട എന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.
ശനിയാഴ്ചയായിരുന്നു ചന്നിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്.
മുഖ്യമന്ത്രി സ്ഥാനം പങ്കിടേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സികള്‍ വഴിയും നടത്തിയ സര്‍വേ ചന്നിക്ക് അനുകൂലമായതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഞായറാഴ്ച ലുധിയാനയില്‍ വെച്ച് നടക്കുന്ന റാലിയില്‍ ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇതോടെ പ്രചാരണരംഗത്ത് കൂടുതല്‍ ആവേശത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിന് വലിയ തോതിലുള്ള പ്രതിഛായയില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ദളിത് വിഭാഗത്തിലുള്ള ചന്നിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ദളിത് വിഭാഗത്തെ കൂടുതല്‍ തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താം എന്നാണ് പാര്‍ട്ടി കരുതുന്നത്.
കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും, ചന്നിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ എ.എ.പിയിലേക്ക് പോവാന്‍ സാധ്യതയുള്ള ദളിത് വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നും, ഇതുവഴി തുടര്‍ഭരണം നേടാനാവുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
അതേസമയം, സിദ്ദു ഹൈക്കമാന്റിന് നേരെയും ചന്നിക്ക് നേരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സിദ്ദുവിന്റെ വിമര്‍ശനം തല്‍ക്കാലത്തേക്ക് കണക്കിലെടുക്കണ്ട എന്ന നിലപാടിലാണ് നേതൃത്വം.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് വേണ്ടി ക്യാമ്പെയ്ന്‍ നടത്തുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞിരുന്നു.
രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ഇത്തവണ ജനവിധി തേടുന്നത്. ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും ബാദൗര്‍ മണ്ഡലത്തില്‍ നിന്നുമാണ് ചന്നി മത്സരിക്കുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും ഫലം അറിയുക.
Content Highlight: Punjab Congress chief Navjot Singh Sidhu says everyone will abide Rahul Gandhi’s decision on the CM Candidateship