| Monday, 27th February 2023, 12:38 pm

ജനാധിപത്യത്തിനായുള്ള തിരച്ചില്‍ തുടരുന്നു; ബജറ്റ് സമ്മേളനം നിര്‍ത്തിവെച്ച ഗവര്‍ണർ നടപടിക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗഡ്: സംസ്ഥാനത്തെ ബജറ്റ് സമ്മേളനം നീട്ടിവെച്ച സംഭവത്തില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. മന്‍ അയച്ച ഭരണഘടനാ വിരുദ്ധവും വിദ്വേഷവും നിറഞ്ഞതുമായ കത്തുകളിലും ട്വീറ്റുകളിലും നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ബജറ്റ് സമ്മേളനം അനുവദിക്കുകയുള്ളൂ എന്നായിരുന്നു ഗവര്‍ണറുടെ വാദം. ഇതിനെതിരെയാണ് മന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ബജറ്റ് സമ്മേളനം നടത്താന്‍ സുപ്രീം കോടതിയില്‍ പോകേണ്ട അവസ്ഥയാണെന്നും ജനാധിപത്യത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും മന്‍ ട്വിറ്ററില്‍ കുറിച്ചു.

‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ കാഴ്ചകള്‍…

ദല്‍ഹിയില്‍ ഉയര്‍ന്ന ഭൂരിപക്ഷമുണ്ടെങ്കിലും മേയറെ നിയമിക്കണമെങ്കില്‍ സുപ്രീം കോടതിയില്‍ പോകൂ..

ഡെപ്യൂട്ടി മേയറെ നിയമിക്കണോ, സുപ്രീം കോടതിയില്‍ പോകൂ..

നിയമസഭാ ബജറ്റ് അവതരിപ്പിക്കണമെങ്കിലും ഇനി സുപ്രീം കോടതിയില്‍ പോകണം..

ജനാധിപത്യത്തിനായുള്ള തിരച്ചില്‍ തുടരുന്നു,’ മന്‍ ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് മൂന്നിനായിരുന്നു ബജറ്റ് സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നത്. പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് അയക്കേണ്ട അധ്യാപകരെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യതയില്ലായ്മ ഉള്‍പ്പെടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ എടുത്ത വിവിധ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

പഞ്ചാബ് ഇന്‍ഫോടെക്കിന്റെ ചെയര്‍പേഴ്സണ്‍ നിയമനവുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

സര്‍ക്കാരിന്റെ വിവിധ തീരുമാനങ്ങളില്‍ വിശദീകരണം ചോദിച്ച ഗവര്‍ണറോട്, കേന്ദ്രം നിയമിച്ച ഗവര്‍ണര്‍ക്കല്ല ജനങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പരാമര്‍ശം. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

ജനങ്ങളാണ് തെരഞ്ഞെടുത്തത് എന്ന വാദം മനസിലാക്കുന്നു. എന്നാല്‍ ഭവനവിലാസമനുസരിച്ചല്ല സംസ്ഥാനം ഭരിക്കേണ്ടതെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

Content Highlight: Punjab CM moves to SC against governor’s call on budget session

We use cookies to give you the best possible experience. Learn more