ചണ്ഡിഗഢ്: തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് തനിക്കും തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണ്‍ജിത് സിംഗ് ചന്നി. കള്ളപ്പണം വെളുപ്പിക്കല്‍, മണല്‍ മാഫിയ ബന്ധം തുടങ്ങിയവ ആരോപിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
ചരണ്‍ജിത് സിംഗ് ചന്നിയുടെ ബന്ധുവായ ഭൂപീന്ദര്‍ സിംഗിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ചില സ്ഥാപിത ലക്ഷ്യങ്ങളുടെ ഭാഗമായിട്ടാണ് നടക്കുന്നത് എന്നായിരുന്നു ചന്നിയുടെ പ്രതികരണം.
‘ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഇതേ രീതിയിലായിരുന്നു മമത ബാനര്‍ജിയെയും കുടുംബത്തെയും ലക്ഷ്യം വെച്ച് ഇ.ഡി അന്വേഷണം നടത്തിയിട്ടുള്ളത്. അതേ രീതിയാണ് അവര്‍ പഞ്ചാബിലും പ്രയോഗിക്കുന്നത്. ഇത് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടക്കുന്നതാണ്,’ ചന്നി പറയുന്നു.
ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ മന്ത്രിമാരെ മാത്രമല്ല, സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ബാധിക്കുമെന്നും അത് ജനാധിപത്യത്തിന് ദോഷം വരുത്തുമെന്നും ചന്നി പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ ഇ.ഡിയെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് മുതിരുന്നതെന്നും അത്തരത്തിലുള്ള ഏതൊരു തന്ത്രവും സഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്രയിടങ്ങളിലാണ് ഇ.ഡി റെയ്ഡ് നടത്തിയതെന്ന കൃത്യമായ വിവരം തന്റെ പക്കലില്ല എന്നും ടി.വി ചാനലിലൂടെയാണ് വിവരങ്ങള്‍ താന്‍ അറിഞ്ഞതെന്നും ചന്നി പറയുന്നു. ഇത് തനിക്കും തന്റെ മന്ത്രിമാര്‍ക്കുമെതിരെയും നടത്തുന്ന ഗൂഢലക്ഷ്യങ്ങളുടെ ഭാഗമാണെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണത്തിലില്ലാത്ത ഏക സംസ്ഥാനമാണ് പഞ്ചാബ്. ഫെബ്രുവരി 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും പഞ്ചാബ് പിടിച്ചടക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യത്തിന്റെ ഭാഗമയാണ് ഇ.ഡിയെ ഉപയോഗിച്ചുള്ള ഈ നീക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് തിയ്യതിയെ കുറിച്ചുള്ള സുപ്രധാനമായ തീരുമാനം ഉണ്ടായത്. ഇതോടെ ഫെബ്രുവരി 14ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ് നടക്കുക.
തെരഞ്ഞെടുപ്പ് തിയ്യതി ആറ് ദിവസം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കത്ത് നല്‍കിയിരുന്നു.
ഫെബ്രുവരി 16ന് ശ്രീ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനമാണ്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ദളിത് വിഭാഗങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ തെരഞ്ഞടുപ്പ് നീട്ടിവെക്കണമെന്നുമാണ് കത്തില്‍ പറയുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കാണ് കത്തയച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന എസ്.സി വിഭാഗത്തില്‍ പെട്ട ചില പ്രതിനിധികള്‍ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനത്തിന്റെ കാര്യം തന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതിനാലാണ് ആവശ്യം മുന്നോട്ട് വെക്കുന്നതെന്നും കത്തില്‍ പറയുന്നു.
”എസ്.സി വിഭാഗത്തില്‍ പെട്ട വിലിയൊരു വിഭാഗം ഭക്തര്‍ (ഏകദേശം 20 ലക്ഷം) ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ പലര്‍ക്കും തെരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല,” കത്തില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.