| Thursday, 17th February 2022, 8:48 am

ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തികഞ്ഞ മദ്യപാനി; മൂന്ന് വര്‍ഷമെടുത്താണ് അയാള്‍ 12ാം ക്ലാസ് പാസായത്: ചരണ്‍ജിത് സിംഗ് ചന്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്.

ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി.

ഭഗവന്ത് മന്‍ മദ്യപാനിയാണെന്നും വിദ്യാഭ്യാസമില്ലാത്തവനാണെന്നുമായിരുന്നു ചന്നി പറഞ്ഞത്. എങ്ങനെയാണ് മന്നിനെ പോലെ ഒരാള്‍ക്ക് എ.എ.പി പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ നേതൃപദവി ഏല്‍പ്പിച്ചതെന്നും ചന്നി ചോദിച്ചു.

ബതിന്‍ഡയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്നി.

”ഭഗവന്ത് മന്‍ ഒരു മദ്യപാനിയും വിദ്യാഭ്യാസമില്ലാത്തവനുമാണ്. മൂന്ന് വര്‍ഷമെടുത്താണ് അയാള്‍ 12ാം ക്ലാസ് പാസായത്.

ഇങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെയാണ് പഞ്ചാബിന്റെ അധികാരം നല്‍കാനാവുക. എങ്ങനെയാണ് ഇയാളുടെ കയ്യില്‍ പഞ്ചാബിന്റെ നേതൃത്വം ഏല്‍പ്പിക്കാന്‍ അരവിന്ദ് കെജ്‌രിവാള്‍ തീരുമാനമെടുത്തത്,” ചന്നി ചോദിച്ചു.

നേരത്തെ തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ പഞ്ചാബില്‍ വിജയം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി രെഗത്തെത്തിയിരുന്നു. ടെലിവോട്ടിംഗിലൂടെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം എ.എ.പിക്ക് ലാന്‍ഡ് സ്ലൈഡ് വിജയമുണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും നടത്തിയ വോട്ടെടുപ്പില്‍ 93 ശതമാനം ആളുകളും പഞ്ചാബ് ആം ആദ്മി പാര്‍ട്ടി ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത്രതന്നെ ആളുകളുടെ പിന്തുണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്നിനുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

117 നിയമസഭാ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് ഇലക്ഷന്‍ നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.


Content Highlight: Punjab CM Charanjit Singh Channi criticise  Aam Aadmi Party’s Chief Ministerial candidate Bhagwant Mann

We use cookies to give you the best possible experience. Learn more