| Thursday, 6th January 2022, 8:14 am

എന്റെ ജീവന്‍ ബലികഴിച്ചും ഞാന്‍ പ്രധാനമന്ത്രിയെ രക്ഷിക്കുമായിരുന്നു, പക്ഷെ അദ്ദേഹം സുരക്ഷിതനാണ്; പഞ്ചാബ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഛണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തന്റെ ജീവന്‍ കൊടുത്തും താന്‍ പ്രധാനമന്ത്രിയെ രക്ഷിക്കുമായിരുന്നെന്നും എന്നാല്‍ അദ്ദേഹം സുരക്ഷിതനാണെന്നുമാണ് ചന്നി പ്രതികരിച്ചത്.

”പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഞാന്‍ എന്റെ ജീവന്‍ ബലികഴിക്കാനും തയാറായിരുന്നു. എന്നാല്‍ അദ്ദേഹം സുരക്ഷിതനാണ്,” ചന്നി പ്രതികരിച്ചു.

പ്രധാനമന്ത്രിക്ക് തന്റെ സംസ്ഥാനത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ കുറ്റബോധമുണ്ടെന്ന് ചന്നി പറഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു സുരക്ഷാ വിഴ്ചയും ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.

ഒരു സുരക്ഷാവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവസാന നിമിഷമാണ് മോദി ഹെലികോപ്റ്റര്‍ യാത്ര മാറ്റി റോഡ് മാര്‍ഗം പോയതെന്നും നേരത്തെ തന്നെ ചന്നി പറഞ്ഞിരുന്നു.

70000 പേര്‍ റാലിക്കെത്തുമെന്ന് പറഞ്ഞതനുസരിച്ച് അതിനുവേണ്ടിയുള്ള കസേരകളെല്ലാം ഒരുക്കിയിരുന്നെന്നും എന്നാല്‍ വെറും 700 പേര്‍ മാത്രമാണ് റാലിയില്‍ എത്തിയതെന്നും ചന്നി തുറന്നടിച്ചിരുന്നു.

വിഷയത്തില്‍ പഞ്ചാബ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയക്രമവും യാത്രാ പദ്ധതിയും പഞ്ചാബ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും നടപടിക്രമമനുസരിച്ച് സുരക്ഷക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ അവര്‍ ചെയ്യേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

അതേസമയം കര്‍ഷകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നരേന്ദ്ര മോദി പരസ്യമായി രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ജീവനോടെ തിരികെയെത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു മോദി പറഞ്ഞത്. ഭട്ടിന്‍ഡയില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നരേന്ദ്രമോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്നു മോദി.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ മോദിയെ കര്‍ഷകര്‍ തടയുകയായിരുന്നു.

20 മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കുകയായിരുന്നു.

സംഭവം ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നത് എന്നതിന്റെ ട്രെയ്ലറാണ് പഞ്ചാബില്‍ കണ്ടതെന്നും സംഭവത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴ കാരണം റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

അതേസമയം മോദിയെ തടഞ്ഞത് ബി.ജെ.പിക്കാര്‍ തന്നെയാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഇന്ത്യാ ടുഡേ നല്‍കിയ വാര്‍ത്തയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ ഒരു ബസ് വരികയും മോദിക്ക് കടന്നുപോകാനാവതെ തടസപ്പെടുന്നതുമായ ഒരു ദൃശ്യവുമുണ്ട്.

അതില്‍ ബി.ജെ.പിയുടെ കൊടിയും കാണുന്നുണ്ട്. ഈ ദൃശ്യം മുന്‍നിര്‍ത്തിയാണ് മോദിയെ തടഞ്ഞത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ ഉന്നയിക്കുന്നത്.

കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോഴേക്കും മോദി പിരിഞ്ഞുപോയതെന്താണ്? മോദിയെ കര്‍ഷകര്‍ തടഞ്ഞു, സുരക്ഷാ പ്രശ്നം എന്നൊക്കെ പറഞ്ഞ് ബി.ജെ.പി ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഈ നാടകമെന്നും ആളുകളുടെ പ്രതികരണങ്ങളിലുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Punjab CM Channi says he would give his life to protect PM Modi

We use cookies to give you the best possible experience. Learn more