രാജിക്കൊരുങ്ങി ചരണ്‍ജിത് സിംഗ് ചന്നി; ഗവര്‍ണറെ കാണും; ഏക പ്രതീക്ഷയായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്
Assembly Election Result 2022
രാജിക്കൊരുങ്ങി ചരണ്‍ജിത് സിംഗ് ചന്നി; ഗവര്‍ണറെ കാണും; ഏക പ്രതീക്ഷയായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 11:37 am

ചണ്ഡീഗഡ്: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഭരണത്തിലിരുന്ന ഏക സംസ്ഥാനമായ പഞ്ചാബും കൈവിട്ട് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ തോല്‍വി ഏതാണ്ട് ഉറപ്പിച്ചതോടെ രാജിക്കൊരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി.

ചണ്ഡീഗഡിലെ തന്റെ ഔദ്യോഗിക വസതിയില്‍ എത്തിയിരിക്കുകയാണ് ചന്നി. ഗവര്‍ണറെ കണ്ട ശേഷം അല്‍പസമയത്തിനകം തന്നെ രാജിക്കത്ത് സമര്‍പ്പിക്കുമെന്നാണ് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചംകൗര്‍ സാഹിബ് മണ്ഡലത്തില്‍ ഏറെ പിന്നിലാണ് നിലവില്‍ ചന്നി. ഇവിടെ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥി ചരണ്‍ജിത് സിംഗ് ആണ് ലീഡ് ചെയ്യുന്നത്.

പഞ്ചാബിലെ 117 നിയമസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളില്‍ നിലവില്‍ ലീഡ് ചെയ്യുകയാണ് ആം ആദ്മി പാര്‍ട്ടി. 59 സീറ്റാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം.

പഞ്ചാബില്‍ അതിദയനീയ അവസ്ഥയിലാണ് നിലവില്‍ കോണ്‍ഗ്രസ്. വെറും 12 സീറ്റില്‍ മാത്രമാണ് പാര്‍ട്ടി നിലവില്‍ ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റില്‍ ബി.ജെ.പിയും ശിരോമണി അകാലി ദള്‍ 8 സീറ്റിലും ലീഡ് ചെയ്യുകയാണ്.

വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പഞ്ചാബ് തൂത്തുവാരിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി ഉയരുമ്പോള്‍ ഏറ്റവും ശക്തരായ ചിലരുടെ സിംഹാസനങ്ങള്‍ കുലുങ്ങുമെന്നാണ് രാഘവ് ചദ്ദ പ്രതികരിച്ചിരിക്കുന്നത്. ‘ഇന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ്. ആം ആദ്മി പാര്‍ട്ടി ഒരു സംസ്ഥാനം കൂടി ജയിച്ചതുകൊണ്ടു മാത്രമല്ല അത്. മറിച്ച് ഒരു ദേശീയ ശക്തിയായി എ.എ.പി മാറിയതുകൊണ്ട് കൂടിയാണ്. കോണ്‍ഗ്രസിന് ബദലായി ആം ആദ്മി മാറിയിരിക്കുകയാണ്. പഞ്ചാബ് കെജ്രിവാളിന്റെ മാതൃകാഭരണം സ്വീകരിച്ചുകഴിഞ്ഞെന്നും രാഘവ് ചദ്ദ പറഞ്ഞു.

നിലവില്‍ ആം ആദ്മി ആസ്ഥാനങ്ങളില്‍ വിജയാഘോഷവും തുടങ്ങിയിരിക്കുകയാണ്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗ്വന്ത് മനിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ തുടക്കം മുതലേ കോണ്‍ഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.