| Saturday, 19th February 2022, 1:23 pm

തെരഞ്ഞെടുപ്പ് ചട്ടലംഘനം; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിനുമപ്പറം പ്രചരണം നടത്തിയെന്നാണ് പരാതി.

മന്‍സ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ മന്‍സ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡോ. വിജയ് സിഗ്ലയുടെ പരാതിയിന്മേലാണ് കേസ്.

ചന്നിക്കൊപ്പം മന്‍സ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പഞ്ചാബി ഗായകനുമായ ശുഭ്ദീപ് സിംഗ് സിദ്ദു മൂസെവാലക്കെതിരെയും കേസെടുത്തിട്ടുണ്ട്. സിദ്ദു മൂസെവാലക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയതായിരുന്നു ചന്നി.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണി വരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താമെന്നായിരുന്നു പെരുമാറ്റചട്ടത്തില്‍ പറഞ്ഞിരുന്നത്. ഞായറാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വെള്ളിയാഴ്ചയായിരുന്നു പരസ്യപ്രചരണത്തിനുള്ള അവസാന തീയതി.

എന്നാല്‍ ചന്നിയും മൂസെവാലയും ആറ് മണിയും ആറരയും കഴിഞ്ഞിട്ടും പ്രചരണം നടത്തിയെന്നാണ് ആരോപണം.

ആറര കഴിഞ്ഞും ഇവര്‍ പ്രചരണം നടത്തുന്നതിന്റെ വീഡിയോ ഡോ. വിജയ് സിഗ്ല ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ വീഡിയോ പുറത്തുവിട്ടത്.

എഫ്.ഐ.ആര്‍ പ്രകാരം, മറ്റൊരാള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ചന്നി വൈകീട്ട് ആറ് മണിക്ക് ശേഷം പ്രചരണം നടത്തിയെന്നാണ് ആരോപിച്ചിട്ടുള്ളത്. മൂസെവാല നടത്തിയ ഡോര്‍-ടു-ഡോര്‍ ക്യാമ്പെയിനിന് വേണ്ടി 400ലധികം പേര്‍ പങ്കെടുത്തതായും എഫ്.ഐ.ആറിലുണ്ട്.

ഇത് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന്റെ പരിധി ലംഘിച്ചിട്ടുണ്ട്.


Content Highlight: Punjab CM Channi and Congress’s Mansa candidate Sidhu Moosewala booked for violating poll code

We use cookies to give you the best possible experience. Learn more