ഐ.സി.സി വനിതാ ലോകകപ്പിലെ മികച്ച പ്രകടനം ഇന്ത്യന്‍ വനിതാ താരങ്ങളെ ഏവരുടേയും പ്രശംസയ്ക്ക് പാത്രമാക്കി കഴിഞ്ഞു. സെമിഫൈനലില്‍ പുറത്താകാതെ 171 റണ്‍സ് നേടി ഓസ്‌ട്രേലിയയെ തകര്‍ത്ത ഹര്‍മന്‍പ്രീത് കൗര്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഫൈനലില്‍ ഇംഗ്ലണ്ടിനോടു പൊരുതി തോറ്റെങ്കിലും ഇന്ത്യന്‍ ടീമിന്റെ പ്രകടന മികവിനെ അഭിനന്ദിക്കാന്‍ അദ്ദേഹം മറന്നില്ല. ട്വിറ്ററിലൂടെയാണ് അദ്ദേഹം ടീമിനെ അഭിനന്ദിച്ചത്.
“ഹര്‍മാന്‍പ്രീതില്‍ അഭിമാനിക്കുന്നു. ലോകകപ്പ് ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെതിരെ നന്നായി കളിച്ചു.” അദ്ദേഹം കുറിച്ചു.ഒപ്പം ഹര്‍മന്‍പ്രീതിനെ ഡി.എസ്.പിയായി നിയമിക്കുമെന്ന വാഗ്ദാനവും നല്‍കി. അവര്‍ക്കിഷ്ടമാണെങ്കില്‍ അവരെ ഡി.എസ്.പിയായി നിയമിക്കുന്നതില്‍ സന്തോഷമേയുള്ളൂ.” അദ്ദേഹം പറഞ്ഞു.
2011ല്‍ രണ്ടുവര്‍ഷം ദേശീയ ടീമില്‍ കളിച്ചതിനുശേഷം സംസ്ഥാന പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിതേടിയപ്പോള്‍ ജോലിയില്ലെന്നു പറഞ്ഞ് ഹര്‍മാന്‍പ്രീത് കൗറിനെ പഞ്ചാബ് സര്‍ക്കാര്‍ അധിക്ഷേപിച്ചിറക്കി വിടുകയാണുണ്ടായത്. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ അവരെ ഡി.എസ്.പിയാവാന്‍ ക്ഷണിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഹര്‍മന്‍പ്രീതിനിത് തന്നെ അധിക്ഷേപിച്ച സര്‍ക്കാറിനോടുള്ള മധുരപ്രതികാരമാണ്.