| Friday, 29th January 2021, 8:58 am

വിജയ് മല്യയെയോ നീരവ് മോദിയെയോ പോലെ കവര്‍ച്ചക്കാരായ കോര്‍പ്പറേറ്റുകളല്ല കര്‍ഷകര്‍; ദല്‍ഹി പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: കര്‍ഷക നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച ദല്‍ഹി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. തീര്‍ത്തും തെറ്റായ കാര്യമാണ് നടന്നതെന്നും എത്രയും പെട്ടെന്ന് നേതാക്കള്‍ക്കെതിരെയുള്ള നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ വളരെ കുറച്ച് ഭൂമി മാത്രം സ്വന്തമായിട്ടുള്ള ചെറുകിട കര്‍ഷകരാണെന്നും അല്ലാതെ കോര്‍പ്പറേറ്റുകളല്ലെന്നും അമരീന്ദര്‍ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ പറ്റിച്ചു കടന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ അതിജീവനത്തിന് പൊരുതുന്ന കര്‍ഷകരെയാണ് സര്‍ക്കാര്‍ ഉന്നംവെക്കുന്നതെന്നും അമരീന്ദര്‍ പറഞ്ഞു.

”അവര്‍ എവിടെ നിന്നാണ് ഒഴിഞ്ഞുപോകേണ്ടത്? അവരില്‍ ഭൂരിഭാഗവും വളരെ കുറച്ച് ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്, അല്ലാതെ രാജ്യത്തിന്റെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലായനം ചെയ്ത വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയവരെ പോലെയുള്ള വന്‍കിട കോര്‍പ്പറേറ്റുകളല്ല,” പ്രസ്താവനയില്‍ പറഞ്ഞു.

റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ദല്‍ഹിയിലും ചെങ്കോട്ടയിലും ഐ.ടി.ഒ.യിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

കിസാന്‍ മോര്‍ച്ചാ നേതാവ് യോഗേന്ദ്ര യാദവ് അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തത്. ബല്‍ബിര്‍ സിങ്ങ് രാജ്വല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിങ്ങ്, ഭൂട്ടാ സിങ്, ജോഗീന്ദ്രര്‍ സിങ്ങ് എന്നീ നേതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്.

സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Punjab CM calls lookout notices against farmer leaders ‘absolutely wrong’, demands withdrawal

We use cookies to give you the best possible experience. Learn more