അമൃത്സര്‍: മാസങ്ങളായി തുടരുന്ന കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കാര്‍ഷിക നിയമങ്ങള്‍ നിര്‍ത്തിവെക്കാമെന്നു പറഞ്ഞ കാലാവധി നീട്ടണമെന്നതാണ് അമരീന്ദര്‍ സിംഗിന്റെ നിര്‍ദേശം. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 മാസങ്ങള്‍ക്ക് പകരം രണ്ട് വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്നാണ് അമരീന്ദര്‍ സിംഗ് നിര്‍ദേശിച്ചത്. ചില കര്‍ഷക സംഘടനകള്‍ നിയമം 18 മാസം നിര്‍ത്തിവെക്കാമെന്ന കേന്ദ്ര നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കരുതെന്നാണ് ഭൂരിഭാഗം കര്‍ഷകരും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് രണ്ടു വര്‍ഷമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാ യുദ്ധവും അവസാനിച്ചേ തീരു. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. പക്ഷെ ആ അവസാനം ചര്‍ച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാര്‍ഗമില്ല,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.
രാഷ്ട്രീയനേതാക്കളെ വേണ്ടെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുള്ളത്. അതുകൊണ്ടാണ് അതില്‍ നിന്നും മാറിനില്‍ക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയോ ആഭ്യന്തര മന്ത്രിയെയോ കേന്ദ്ര സര്‍ക്കാരിനെയോ കണ്ടിട്ടില്ല. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും ഒരു നിയമമോ മറ്റോ പിന്‍വലിക്കുന്നതിനെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞുവെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഗ്രെറ്റ ടൂള്‍കിറ്റ് കേസിലെ പൊലീസിന്റെയും കേന്ദ്രത്തിന്റെയും നടപടികളെ അമരീന്ദര്‍ സിംഗ് രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകനേതാക്കളുടെയും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച വിദേശീയരും തദ്ദേശീയരുമായ ആക്ടിവിസ്റ്റുകളുടെയും അറസ്റ്റിനെതിരെയാണ് അമരീന്ദര്‍ സിംഗ് ശബ്ദമുയര്‍ത്തിയത്. അറസ്റ്റ് ചെയ്യുന്നത് വഴി കേന്ദ്രം എല്ലാവരെയും പ്രകോപിപ്പിക്കുകയാണെന്നും ടൂള്‍കിറ്റ് അടക്കമുള്ള കേസുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
‘അറസ്റ്റ് എന്നാല്‍ പ്രകോപനമാണ്. സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയണം. എന്നാല്‍ ഇന്ന് അവര്‍ ഈഗോയും കെട്ടിപ്പിടിച്ചിരിക്കുകയാണ്. ആ ചെറിയ സ്വീഡിഷ് പെണ്‍കുട്ടി(ഗ്രെറ്റ് തന്‍ബര്‍ഗ്) ഒരു പ്രസ്താവന പറഞ്ഞതിന് നിങ്ങള്‍ അവളെ തടവിലിടുമെന്ന് പറയുന്നു. എന്ത് ലോജിക്കാണ് അതിലുള്ളത്? ഇപ്പോള്‍ ദാ ആ കുട്ടികളെ (ദിഷ രവിയടക്കമുള്ളവര്‍) അറസ്റ്റ് ചെയ്തിരിക്കുന്നു.
ഇതില്‍ ആര്‍ക്ക് എന്ത് പ്രയോജനമാണുണ്ടായത്. വെറും അസംബന്ധമാണിത്. രാജ്യത്തിനകത്തെ കാര്യം പോട്ടെ, ലോകം മുഴുവനും മുന്നിലും ഇന്ത്യ ഇപ്പോള്‍ നാണം കെട്ടിരിക്കുകയാണ്,’അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക