| Thursday, 3rd February 2022, 3:43 pm

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച്ചയറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് സൂചന. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ലുധിയാന സന്ദര്‍ശനത്തോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ ഫോണ്‍ കോളുകള്‍ വഴി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനാഭിപ്രായം തേടാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും മുഖ്യമന്ത്രിയാവാനുള്ള സാധ്യതാ ലിസ്റ്റില്‍ ഉണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളെ വിളിച്ച് മൂന്ന് ഓപ്ഷനുകളില്‍ വോട്ടുചെയ്യാന്‍ ആവശ്യപ്പെടും. ചന്നിയുടെ പേര് ഒന്നാം സ്ഥാനത്തും സിദ്ദുവിന്റെ പേര് രണ്ടാമതുമാണുള്ളത്. മൂന്നാമത് ഓപ്ഷനായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസ് മത്സരിക്കണോയെന്നും ആളുകള്‍ക്ക് തീരുമാനിക്കാം.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തന്നെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു. സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് വേണ്ടി ക്യാമ്പെയ്ന്‍ നടത്തുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞിരുന്നു.

നിലവില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ചന്നി ഇത്തവണ ജനവിധി തേടുന്നത്. ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും ചംകൗര്‍ സാഹേബ്. പുതിയ പട്ടിക പ്രകാരം ചന്നി ബാദൗര്‍ മണ്ഡലത്തില്‍ നിന്നുമാണ് മത്സിക്കുന്നത്.

അതേസമയം പരാജയഭീതി മൂലമാണ് ചന്നി രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ സെക്രട്ടറിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നത്.

‘ഞങ്ങളുടെ സര്‍വേയുടെ അടിസ്ഥാനത്തില്‍ ചംകൗര്‍ സാഹേബില്‍ ചന്നി തോല്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം രണ്ട് സീറ്റുകളില്‍ നിന്നും മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ സര്‍വേ ശരിയാണന്നല്ലേ കോണ്‍ഗ്രസിന്റെ ഈ നീക്കത്തില്‍ വ്യക്തമാകുന്നത്?,’ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും ഫലം അറിയുക.


Content Highlights: Punjab Chief Ministerial candidate will be known on Sunday

We use cookies to give you the best possible experience. Learn more