| Friday, 1st October 2021, 6:21 pm

കര്‍ഷകരുടെ ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണം; മോദിയോട് പഞ്ചാബ് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പഞ്ചാബിലും അയല്‍ സംസ്ഥാനമായ ഹരിയാനയിലും രാജ്യതലസ്ഥാനത്തും ആയിരക്കണക്കിന് കര്‍ഷകര്‍ സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുമായുള്ള ചന്നിയുടെ കൂടിക്കാഴ്ച.

‘കൃഷിയാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്സ്. കര്‍ഷകര്‍ നിരന്തര സമരത്തിലാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ഒരു പ്രശ്‌നപരിഹാരം വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ കൂടിക്കാഴ്ചയ്ക്ക് ശേഷം ചന്നി പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ചന്നി ദല്‍ഹിയില്‍ വെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈയിടെ പഞ്ചാബിലും ഹരിയാനയിലുമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് വൈകുകയും, ഖാരിഫ് നെല്ലിന്റെ സംഭരണം ഒക്ടോബര്‍ 11 വരെ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. കേന്ദ്ര ഏജന്‍സിയായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മറ്റ് സംസ്ഥാന ഏജന്‍സികളും ചേര്‍ന്നാണ് വിള സംഭരണം നടത്തുന്നത്.

അതേസമയം ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്നാണ് കോടതിയുടെ വിമര്‍ശനം.

കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി ‘സത്യാഗ്രഹം’ സംഘടിപ്പിക്കുന്നതിന് ജന്തര്‍ മന്ദറില്‍ കുറഞ്ഞത് 200 കര്‍ഷകര്‍ക്ക് ഇടം നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.

” നിങ്ങള്‍ മുഴുവന്‍ നഗരത്തെയും ശ്വാസം മുട്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികള്‍ ഈ പ്രതിഷേധത്തില്‍ സന്തുഷ്ടരാണോ? നിങ്ങള്‍ ഈ ഏര്‍പ്പാട് നിര്‍ത്തണം,’ കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കറും സി.ടി. രവികുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് കര്‍ഷക സമരത്തിനെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലെെയില്‍ ചില കര്‍ഷക സംഘടനകള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തിയിരുന്നു. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം നടക്കുമ്പോഴായിരുന്നു പ്രതിഷേധം.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷക്കാലമായി കര്‍ഷകര്‍ സമരം നടത്തുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Punjab Chief Minister Meets PM, Asks To Withdraw Farm Laws

We use cookies to give you the best possible experience. Learn more