ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്നും ജനവിധി തേടാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് ചന്നി വീണ്ടും ഇടം പിടിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും ചന്നി ഉള്‍പ്പെട്ടിരുന്നു. ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും ചന്നി ജനവിധി തേടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 2007മുതല്‍ ചന്നിയുടെ മണ്ഡമാണ് ചംകൗര്‍ സാഹേബ്. പുതിയ പട്ടിക പ്രകാരം ചന്നി ബാദൗര്‍ (Bhadaur) മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
അതേസമയം പരാജയഭീതി മൂലമാണ് ചന്നി രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നതെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ സെക്രട്ടറിയുമായ അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്.
‘ഞങ്ങളുടെ സര്‍വേയുടെ അടിസ്ഥാനത്തില്‍ ചംകൗര്‍ സാഹേബില്‍ ചന്നി തോല്‍ക്കുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അദ്ദേഹം രണ്ട് സീറ്റുകളില്‍ നിന്നും മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ സര്‍വേ ശരിയാണന്നല്ലേ കോണ്‍ഗ്രസിന്റെ ഈ നീക്കത്തില്‍ വ്യക്തമാകുന്നത്?,’ കെജ്‌രിവാള്‍ ചോദിച്ചു.
മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചതോടെയാണ് ചന്നി മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. ഇതിന് പിന്നാലെ അമരീന്ദര്‍ പാര്‍ട്ടിയുമായി പിണങ്ങുകയും പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചന്നിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാവുന്നത്.
അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കും പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനുമിടയിലുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്.
”മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സാധാരണ ഞങ്ങള്‍ ഇങ്ങനെ ചെയ്യാറില്ല. പക്ഷെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതാണ് വേണ്ടതെങ്കില്‍, ഞങ്ങള്‍ ഒരാളെ തെരഞ്ഞടുക്കും,” പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയ്‌നിനിടെ രാഹുല്‍ പറഞ്ഞു.
”രണ്ട് പേര്‍ക്ക് നയിക്കാന്‍ പറ്റില്ലല്ലോ, ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. ഒരാള്‍ നയിക്കുമ്പോള്‍ മറ്റെയാള്‍ പിന്തുണക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. രണ്ട് പേര്‍ക്കും കോണ്‍ഗ്രസ് എന്ന ചിന്തയാണ് മനസിലുള്ളത്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് വേണ്ടി ക്യാമ്പെയ്ന്‍ നടത്തുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞു.
തെരഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തീരുമാനിക്കൂ എന്നായിരുന്നു മുമ്പ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും ഫലം അറിയുക.
Content highlight: Punjab Chief Minister Charanjit Channi will contest in assembly election from two seats