ബജറ്റ് വ്യക്തമാക്കുന്നത് ബി.ജെ.പിക്ക് കർഷകരോടുള്ള രോഷം; പഞ്ചാബിനെ ഒഴിവാക്കിയത് അനീതി: ഭ​ഗവന്ത് മാൻ
national news
ബജറ്റ് വ്യക്തമാക്കുന്നത് ബി.ജെ.പിക്ക് കർഷകരോടുള്ള രോഷം; പഞ്ചാബിനെ ഒഴിവാക്കിയത് അനീതി: ഭ​ഗവന്ത് മാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd February 2023, 11:04 am

ഛത്തീസ്​ഗഡ്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ. ബജറ്റിൽ നിന്നും പഞ്ചാബിനെ പൂർണമായി ഒഴിവാക്കിയെന്നും മോദി സർക്കാരിന് പഞ്ചാബികളോടുള്ള വിരോധമാണ് ബജറ്റ് വ്യക്തമാക്കുന്നതെന്നും മൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസും, ശിരോമണി അകാലി ദളും ബജറ്റിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

നേരത്തെ റിപ്പബ്ലിക് ദിനാചരണത്തിനിടെ പഞ്ചാബിന്റെ ടാബ്ലോയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇപ്പോൾ പഞ്ചാബിനെ മുഴുവനായും സർക്കാർ ഒഴിവാക്കിയിരിക്കുകയാണെന്നും മൻ പറയുന്നു. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും, പഞ്ചാബ് വിരുദ്ധവും കർഷകവിരുദ്ധവുമാണെന്നും മൻ കൂട്ടിച്ചേർത്തു.

“സംസ്ഥാനത്തെ അധ്വാനിക്കുന്ന തൊഴിലാളിവർ​ഗത്തിന്റെ കഷ്ടതകളെ കൂടിയാണ് കേന്ദ്ര സർക്കാർ മറന്നുകളഞ്ഞത്. സ്വാതന്ത്ര്യം ലഭിച്ചതിന് മുൻപും പിൻപും പഞ്ചാബികൾ ചെയ്ത സംഭാവനകളെ കൂടിയാണ് കേന്ദ്രം തഴഞ്ഞത്.

പഞ്ചാബിന്റെ എല്ലാ ന്യായമായ ആവശ്യങ്ങളും കേന്ദ്ര സർക്കാർ തഴയുകയാണ്. അതിർത്തി സംസ്ഥാനമെന്ന നിലയ്ക്ക് സംസ്ഥാനത്തിന്റെ സുരക്ഷാ സേനയെ കൂടുതൽ മെച്ചപ്പെടുത്താൻ 1000 കോടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും ബജറ്റിൽ പരി​ഗണിച്ചതായി കണ്ടില്ല. ബജറ്റവതരണത്തിന് മുൻപ് നടന്ന മീറ്റിങ്ങുകളിൽ സംസ്ഥാനം ന്യായമായ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു.

കേന്ദ്ര ബജറ്റ് മോദി സർക്കാരിന്റെ കർഷക വിരുദ്ധത വ്യക്തമാക്കുന്നതാണ്. പഞ്ചാബും പഞ്ചാബികളും ഇല്ലാത്ത ഇന്ത്യയെ കുറിച്ച് ചിന്തിക്കുക അസാധ്യമാണ്. അനീതി തുടരാനാണ് ഉദ്ദേശമെങ്കിൽ ബി.ജെ.പി കരുതിയിരിക്കണം,” മൻ പറഞ്ഞു.

“കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് പഞ്ചാബിനെ പൂർണമായും ഒഴിവാക്കുന്നതാണ്. നേരത്തെ റിപ്പബ്ലിക് പരേഡിൽ നിന്നും ഞങ്ങളുടെ ടാബ്ലോയെ നീക്കി. ഇപ്പോൾ ബജറ്റിൽ നിന്ന് സംസ്ഥാനത്തെ തന്നെ നീക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന് പഞ്ചാബികളോട് ഇത്ര വിരോധം തോന്നാനുള്ള കാരണം മനസിലാകുന്നില്ല,” ഭ​ഗവന്ത് മനിനെ ഉദ്ധരിച്ച് ടെല​ഗ്രാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സംസ്ഥാന ധനകാര്യ മന്ത്രി ഹർപൽ സിങ് ചീമയും സമാന രീതിയിൽ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

“ബജറ്റിൽ നിന്നും കേന്ദ്ര സർക്കാർ പ‍ഞ്ചാബിനെ പൂർണമായി ഒഴിവാക്കിയത് നിരാശാജനകമാണ്. സംസ്ഥാനത്തെ കർഷകരേയും യുവാക്കളേയും നിരാശയിലാഴ്ത്തുകയാണ് പുതിയ ബജറ്റ്. സംസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടി ഒരു തുകയോ പദ്ധതിയോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല,” ചീമ പറഞ്ഞു.

കേന്ദ്ര ബജറ്റിനെ ജനവിരുദ്ധ (anti-people)മെന്നായിരുന്നു പഞ്ചാബ് കോൺ​ഗ്രസ് നേതാവ് അമരീന്ദർ സിങ് രാജ വാറിങ്ങിന്റെ പ്രതികരണം.

Content Highlight: Punjab chief minister Bhagwant mann says union budget is anti people