ചണ്ഡീഗഡ്: സിഖ് പരമ്പരാഗത രീതിയായ ആനന്ദ് വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. ഹരിയാന, ദല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആനന്ദ് നിയമം നടപ്പാക്കിയിട്ടുണ്ടെന്നും പഞ്ചാബിലും പൂര്‍ണാര്‍ഥത്തില്‍ നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയെങ്കിലും ആക്ട് നടപ്പാക്കുന്നത് സംസ്ഥാനം വൈകിപ്പിച്ചുവെന്നും തെറ്റ് തിരുത്താന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്‍ പറഞ്ഞു.
ഗുരുനാനാക് ദേവിന്റെ 553ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചിട്ടുള്ള പ്രാര്‍ഥനാ ചടങ്ങില്‍ സംബന്ധിച്ച ശേഷം സംസാരിക്കുകയായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി.
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏകസിവില്‍ കോഡിന് അനുകൂലമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംസാരിച്ചതിന് പിന്നാലെയാണ് ഭഗവന്ത് മനിന്റെ വാഗ്ദാനം.
സിഖ് പരമ്പരാഗത രീതികള്‍ക്ക് ഏക സിവില്‍ കോഡ് ഭീഷണിയാണെന്നാണ് ശിരോമണി അകാലി ദള്‍ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രയം.
കെജ്‌രിവാള്‍ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് രംഗത്തെത്തിയത് പഞ്ചാബിലെ അകാലിദള്‍ പാര്‍ട്ടികള്‍ ആയുധമാക്കുന്നതിനിടെയാണ് ഭഗവത് മനിന്റെ പുതിയ പ്രസ്താവന വരുന്നത്.
ഏക സിവില്‍ കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ നിയമം നടപ്പാക്കുമെന്ന് പറഞ്ഞ് ബി.ജെ.പി വീമ്പിളക്കുകയാണെന്നുമായിരുന്നു കെജ്‌രിവാള്‍ പറഞ്ഞിരുന്നത്.
ഭരണഘടനയുടെ 44ാം അനുച്ഛേദം അതിന് അനുവദിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ അധികാരത്തിലുള്ള മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ഇത് നടപ്പിലാക്കാന്‍ ബി.ജെ.പി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
‘ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ബി.ജെ.പി ഒരു കമ്മിറ്റി ഇതിനായി രൂപീകരിച്ചെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഇപ്പോള്‍ വീണ്ടും ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പക്ഷേ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം അതും അപ്രത്യക്ഷമാകും,’ കെജ്‌രിവാള്‍ പറഞ്ഞിരുന്നു.