ചണ്ഡിഗഢ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ നിര്‍ദേശപ്രകാരം അഡ്വക്കേറ്റ് ജനറല്‍ എ.പി.എസ് ഡിയോളിന്റെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെങ്കില്‍ സംസ്ഥാന ഡി.ജി.പിയേയും എ.ജിയേയും നീക്കണമെന്നും, അല്ലാത്ത പക്ഷം താന്‍ സ്ഥാനം രാജി വെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിയോളിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചത്.
‘പഞ്ചാബ് മന്ത്രിസഭ അഡ്വക്കേറ്റ് ജനറല്‍ എ.പി.എസ് ഡിയോളിന്റെ രാജി സ്വീകരിച്ചിരിക്കുകയാണ്. പുതിയ എ.ജി നാളെ തന്നെ അധികാരമേല്‍ക്കും,’ ചന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഡിയോള്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി മന്ത്ിസഭ അംഗീകരിച്ചതായി ചരണ്‍ജിത് സിങ് ചന്നി അറിയിച്ചത്.
എ.പി.എസ്. ഡിയോളുമായി നല്ല ബന്ധമായിരുന്നു ചന്നിക്കുണ്ടായിരുന്നത്. എന്നാല്‍ സിദ്ദു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിസഭ ഡിയോളിന്റെ രാജി സ്വീകരിച്ചത്.
പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സ്ഥാനം വഹിക്കുന്ന ഇഖ്ബാല്‍ സിംഗ് സഹോതയുടെ സ്ഥാനത്തേക്ക് പകരക്കാരുടെ പട്ടിക കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ചന്നി കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവാണ് ഇരുവരെയും മാറ്റാന്‍ ചന്നിയോടാവശ്യപ്പെട്ടത്. 2015ല്‍ നടന്ന വെടിവെയ്പ്പിന് കാരണക്കാരായാണ് ഇരുവരെയും സിദ്ദു കാണുന്നത്.
സിദ്ദുവുമായി ഇടഞ്ഞതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. ഇതോടെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജി വെക്കുകയും പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തിരുന്നു.