| Sunday, 21st November 2021, 7:36 pm

'സിദ്ദുവിന് മുന്നില്‍ മുട്ടുമടക്കില്ല'; നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍നിന്ന് മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്ന് മത്സരിക്കും. താന്‍ പട്യാലയില്‍ നിന്ന് മത്സരിക്കുമെന്നും, പട്യാല 400 വര്‍ഷമായി തങ്ങളോടൊപ്പമുണ്ടെന്നും സിദ്ദു കാരണം അത് ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.

അമരീന്ദറിന്റെ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല. അദ്ദേഹത്തിന്റെ പിതാവ് മഹാരാജ സര്‍ യാദവീന്ദര്‍ സിംഗ് പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.

സിംഗ് നാല് തവണ പട്യാലയെ സംസ്ഥാന നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ 2014 നും 2017 നും ഇടയില്‍ മൂന്ന് വര്‍ഷക്കാലം ഈ സീറ്റില്‍ നിന്ന് എം.എല്‍.എയായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലായിരുന്നു അമരീന്ദര്‍ സംഗിന്റെ വിജയം.

കഴിഞ്ഞ നവംബര്‍ രണ്ടിന് അമരേന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് അമരീന്ദറിന്റെ പാര്‍ട്ടിയുടെ പേര്.

സെപ്തംബര്‍ 18ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു.

സിദ്ദുവിനെ സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിദ്ദു പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അമരീന്ദര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതേസമയം, ബി.ജെ.പി അമരീന്ദര്‍ സിംഗുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Punjab Assembly Polls 2022: Former Punjab CM Amarinder Singh to contest election from Patiala

Latest Stories

We use cookies to give you the best possible experience. Learn more