അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്ന് മത്സരിക്കും. താന്‍ പട്യാലയില്‍ നിന്ന് മത്സരിക്കുമെന്നും, പട്യാല 400 വര്‍ഷമായി തങ്ങളോടൊപ്പമുണ്ടെന്നും സിദ്ദു കാരണം അത് ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി.
അമരീന്ദറിന്റെ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല. അദ്ദേഹത്തിന്റെ പിതാവ് മഹാരാജ സര്‍ യാദവീന്ദര്‍ സിംഗ് പട്യാല നാട്ടുരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു.
സിംഗ് നാല് തവണ പട്യാലയെ സംസ്ഥാന നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ 2014 നും 2017 നും ഇടയില്‍ മൂന്ന് വര്‍ഷക്കാലം ഈ സീറ്റില്‍ നിന്ന് എം.എല്‍.എയായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലായിരുന്നു അമരീന്ദര്‍ സംഗിന്റെ വിജയം.
കഴിഞ്ഞ നവംബര്‍ രണ്ടിന് അമരേന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാണ് അമരീന്ദറിന്റെ പാര്‍ട്ടിയുടെ പേര്.
സെപ്തംബര്‍ 18ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു.