ന്യൂദല്‍ഹി: സംഘര്‍ഷം നടന്ന ഹരിയാനയിലെ നൂഹിലെ ബുള്‍ഡോസര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. താത്ക്കാലികമായി കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുക്കുന്നത്. പൊളിക്കല്‍ നടപടികള്‍ നാല് ദിവസം പിന്നിട്ടതിന് പിന്നാലെ സ്വമേധയ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി.
നോട്ടീസ് പോലും നല്‍കാതെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഹൈക്കോടതി ഇടപെടല്‍.
സംഘര്‍ഷത്തിലേര്‍പ്പെട്ടവരുടേതെന്ന് ആരോപിച്ചാണ് അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. മുസ്‌ലിം വിഭാത്തിലെ ആളുകളെ ലക്ഷ്യമിട്ട് മാത്രമാണ് ബുള്‍ഡോസര്‍
നടപടിയെന്ന ആക്ഷേപവുമുണ്ട്. ഇതിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍, അനധികൃത നിര്‍മാണങ്ങള്‍ക്കും കയ്യേറ്റത്തിനുമെതിരെ നടപടിയെടുക്കുകയാണെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വാദം.
കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച വൈകിട്ടോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കല്‍ നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചത്. കലാപം നടന്ന നൂഹില്‍ നിന്നും 20 കി.മീ അകലെയുള്ള തൗരുവിലെ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കുടിലുകളും നേരത്തെ പൊളിച്ച് നീക്കിയിരുന്നു. ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ചാണ് 250 കുടിലുകള്‍ പൊളിച്ചുനീക്കിയത്.
അതിനിടയില്‍, കലാപ ബാധിത പ്രദേശമായ ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സി.പി.ഐ നേതാക്കളെ പൊലീസ് തടഞ്ഞത് വിവാദമായിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് പൊലീസ് നേതാക്കളെ തടഞ്ഞിരുന്നത്. സി.പി.ഐ രാജ്യസഭ എം.പി ബിനോയ് വിശ്വം, ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, സന്തോഷ് കുമാര്‍ എം.പി, ദരിയ സിങ് കശ്യപ് എന്നീ നേതാക്കളെയാണ് തടഞ്ഞുനിര്‍ത്തിയിരുന്നത്.