| Friday, 28th August 2020, 7:46 am

സോണിയക്കെതിരെ പടനീക്കം: ഗുലാം നബി ആസാദിനെയും ആനന്ദ് ശര്‍മയെയും ഒതുക്കി പുതിയ രാജ്യസഭാ കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ നേതാക്കളില്‍ പ്രധാനികളായ ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍. പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കാനിരിക്കേ ഇരുവരെയും ഒതുക്കിയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പുതിയ പാര്‍ട്ടിക്കമ്മിറ്റികള്‍ രൂപീകരിച്ചത്.

രാജ്യസഭയില്‍ കോണ്‍ഗ്രസിലെ നേതാവും ഉപനേതാവുമാണ് ഗുലാംനബി ആസാദും ആനന്ദ് ശര്‍മയും. എന്നാല്‍ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

പുതിയ കമ്മിറ്റിയില്‍ ജയറാം രമേശാണ് കോണ്‍ഗ്രസിന്റെ പുതിയ ചീഫ് വിപ്പ്. അതേസമയം എ.ഐ.സി.സി ട്രഷററും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹ്മദ് പട്ടേലിനെയും കെ. സിവേണുഗോപാലിനെയും ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഈ കമ്മിറ്റിയായിരിക്കും രാജ്യസഭയുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങളില്‍ ഫലത്തില്‍ തീരുമാനമെടുക്കുക. അതേസമയം മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും പ്രത്യേക അധികാരം നഷ്ടമാവും.

നേരത്തെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലും ആനന്ദ് ശര്‍മയെ വിമര്‍ശിച്ച് അഹ്മദ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. കത്തെഴുതുന്നതിന് മുമ്പ് സോണിയാഗാന്ധിയോട് വ്യക്തിപരമായാണ് കാര്യം പറയേണ്ടതെന്നും പട്ടേല്‍ വിമര്‍ശിച്ചിരുന്നു.

ലോക്‌സഭാ ഉപ നേതാവായി ഗൗരവ് ഗൊഗോയിയെയാണ് നിയമിച്ചിരിക്കുന്നത്. ലുധിയാന എം.പി രവ്നീത് സിംഗാണ് വിപ്പ്. ലോക് സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരിയും ചീഫ് വിപ്പ് കെ സുരേഷും നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 14 മുതല്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനു മുന്‍പാണ് നിയമനങ്ങള്‍. ലോക് സഭയില്‍ നേതാക്കളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പിന്റെ ഉത്തരവാദിത്തം പഞ്ചാബില്‍ നിന്ന് മൂന്ന് തവണ എം.പിയായ ബിട്ടുവിനെ ചുമതലപ്പെടുത്തി.

മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് സൗരവ് ഗൊഗോയ്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് കഴിഞ്ഞ ലോക് സഭയില്‍ ഉപനേതാവ് അമരീന്ദര്‍ സിങ്ങായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Punishment for Congress leaders Anand Sharma and Gulam Nabi Azad who wrote letters

We use cookies to give you the best possible experience. Learn more