സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യുന്‍ ഹൈ ഉള്‍പ്പെട്ട അഴിമതിക്കേസില്‍ വീണ്ടും എട്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവ്. എന്നാല്‍ നിലവില്‍ അഴിമതിക്കേസില്‍ 24 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായ പാര്‍ക്ക് ഗ്യുന്‍ ഹൈ.
കോടതിവിധി പ്രകാരം രാജ്യത്തിന്റെ ചാര ഏജന്‍സിയില്‍ നിന്ന് നിയമവിധേയമല്ലാതെ ഫണ്ട് കൈപ്പറ്റിയതിന് ആറു വര്‍ഷവും തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്.
അധികാര ദുര്‍വിനിയോഗത്തിന് കഴിഞ്ഞ ഏപ്രിലിലാണ് പാര്‍ക്കിനെ 24 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് വിചാരണ നടപടികള്‍ പാര്‍ക്ക് ബഹിഷ്‌കരിച്ചിരുന്നു.
തനിക്കെതിരെ പുറത്തുവന്നിരിക്കുന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതിയും സര്‍ക്കാരും തനിക്കെതിരെയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.
അഴിമതി, കൈക്കൂലി അടക്കം 18 കുറ്റങ്ങളാണ് മുന്‍ പ്രസിഡന്റിനെതിരെ നേരത്തേ ചുമത്തിയിരുന്നത്. വധിക്കപ്പെട്ട ഏകാധിപതി പാര്‍ക്ക് ചുംഗ് ഹീയുടെ മകളാണ് ഇവര്‍.
2013 ലാണ് ദക്ഷിണകൊറിയയുടെ ആദ്യവനിതാ പ്രസിഡന്റായി പാര്‍ക്ക് ഗ്യുന്‍ ഹൈ അധികാരമേറ്റത്.
നാല് വര്‍ഷത്തിന് ശേഷം പാര്‍ക്കിനെ അഴിമതി ആരോപണങ്ങളുടെ പേരില്‍ പുറത്താക്കി. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ വളച്ചൊടിക്കാന്‍ സുഹൃത്തായ ചോയി സൂണ്‍ സില്ലിനെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള പ്രധാന കേസ്.