| Friday, 26th July 2019, 2:02 pm

അസം ഖാനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രമേയം; എം.ജെ അക്ബറുടെ കാര്യം ഉയര്‍ത്തി സര്‍ക്കാറിനെ കൊട്ടി അസദ്ദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്പീക്കര്‍ രമാ ദേവിയ്‌ക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശം നടത്തിയെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ നടപടിയാവശ്യപ്പെട്ട് ലോക്‌സയില്‍ ബി.ജെ.പി. അസം ഖാനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സാങ്മിത്ര മൗര്യ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പ്രമേയം നല്‍കി.

അതേസമയം, ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ മോദി സര്‍ക്കാറില്‍ നിന്നും രാജിവെക്കേണ്ടി വന്ന എം.ജെ അക്ബറിന്റെ കാര്യം ഉയര്‍ത്തി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി സര്‍ക്കാറിനെ വിമര്‍ശിച്ചു. അക്ബറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനായി രൂപീകരിച്ച കമ്മിറ്റിക്ക് എന്തു സംഭവിച്ചുവെന്ന് തനിക്ക് അറിയണമെന്ന് ഉവൈസി പറഞ്ഞു.

സഭയ്ക്ക് അകത്തും പുറത്തും സ്ത്രീകളോട് അനാദരവ് കാണിക്കുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു. കഴിഞ്ഞ കാലത്ത് ലോക്‌സഭയില്‍ സോണിയാ ഗാന്ധിവരെ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കുറ്റം ചെയ്തയാളുടെ പാര്‍ട്ടി നോക്കാതെ ഇത്തരം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘താങ്കളുടെ കണ്ണില്‍ നോക്കിക്കൊണ്ട് സംസാരിക്കാന്‍ മനസ് കൊതിക്കുന്ന ത്രയും നല്ലയാളാണ് താങ്കള്‍ എന്നാണ് എനിക്കു തോന്നുന്നത്.’ എന്നാണ് രമാ ദേവിയെക്കുറിച്ച് അസം ഖാന്‍ പറഞ്ഞത്.

പ്രസ്താവനയില്‍ അസം ഖാന്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

അതിനിടെ, അസം ഖാനെ പ്രതിരോധിച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. ‘ സ്പീക്കറോട് അസംഖാന്‍ എന്തെങ്കിലും തരത്തിലുളള അനാദരവ് കാട്ടിയെന്ന് ഞാന്‍ കരുതുന്നില്ല. ഈ ആളുകള്‍ (ബി.ജെ.പി എം.പിമാര്‍) വളരെ മോശമായാണ് സംസാരിക്കുന്നത് വിരല്‍ ചൂണ്ടാന്‍ അവരാരാണ്?

പ്രസ്താവനയെ രമാദേവിയും വിമര്‍ശിച്ചിരുന്നു. ‘ ഈ രീതിയിലല്ല സംസാരിക്കേണ്ടത്. ഈ വാക്കുകള്‍ പിന്‍വലിക്കണം.’ എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more