| Thursday, 18th November 2021, 6:02 pm

പുനീതിന്റെ ഓര്‍മയില്‍ കര്‍ണാടക; ചൂടപ്പം പോലെ വിറ്റ് പുനീതിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൂബ്ലി: അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ ചിത്രത്തിന് കര്‍ണാടകയില്‍ വന്‍ ഡിമാന്റ്. പുനീതിന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കുന്നത്.

പലരും പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രത്തോടൊപ്പമാണ് പുനീതിന്റെ ചിത്രം വെക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുനീതിന്റെ ചിത്രത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്ന് കച്ചവടക്കാരും പറയുന്നു. 200 രൂപ മുതല്‍ 2500 രൂപ വരെയുള്ള ഫ്രെയിമുകളാണ് വില്‍പനയ്ക്ക് വെച്ചിട്ടുള്ളത്.

ഇവയെല്ലാം പെട്ടെന്ന് വിറ്റഴിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

കഴിഞ്ഞമാസമായിരുന്നു പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പുനീതിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഇതുവരെ 10 പേര്‍ക്ക് മാത്രമാണ് കര്‍ണാടക രത്ന പുരസ്‌കാരം നല്‍കിയിട്ടള്ളത്. 2009ല്‍ വീരേന്ദ്ര ഹെഗ്ഡെയ്ക്കായിരുന്നു പുരസ്‌കാരം അവസാനമായി നല്‍കിയത്.

അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമായിരുന്നു. 1800 ഓളം വിദ്യാര്‍ത്ഥികളുടെ പഠനചെലവ് താരം നേരിട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു. അതോടൊപ്പം തന്നെ സ്‌കൂളുകളും വയോജനങ്ങള്‍ക്കുള്ള അഗതി മന്ദിരങ്ങളും പുനീത് പണികഴിപ്പിച്ചിരുന്നു.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു. കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.

അതോടൊപ്പം താരത്തിന്റെ ഇരുകണ്ണുകളും ദാനം ചെയ്തിരുന്നു. പുനീതിന്റെ അച്ഛന്‍ രാജ്കുമാറിന്റെയും അമ്മയുടേയും കണ്ണുകളും ദാനം ചെയ്തിരുന്നു.

അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്

ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ പുനീത്, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിരുന്നു. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന ചിത്രത്തിലും പുനീത് അഭിനയിച്ചിട്ടുണ്ട്.

യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Puneeth Rajkumar’s photo frames in demand in North Karnataka, fans place them next to Gods

We use cookies to give you the best possible experience. Learn more