ബെംഗളൂരു: കന്നഡ താരം പുനീത് രാജ്കുമാറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് ആരാധകര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതം മൂലമാണ് ഇരുവരും മരിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ 46 വയസ്സുള്ള പരശുറാം ദേവമ്മന്‍വര്‍, ചാമരാജ്‌നഗര്‍ ജില്ലയിലെ 30 വയസ്സുകാരന്‍ മുനിയപ്പ എന്നിവരാണ് മരണപ്പെട്ടത്.
പുനീതിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ പരശുറാം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം 29ാം തീയ്യതിയാണ് പരശുറാം മരിച്ചത്. അതേസമയം, പുനീത് മരിച്ചതറിഞ്ഞ മുനിയപ്പയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ കഴിയവെയായിരുന്നു പുനീതിന്റെ അന്ത്യം.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേര്‍ പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
മരണശേഷം പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്തു. പുനീതിന്റെ പിതാവ് രാജ്കുമാറിന്റേയും കണ്ണുകള്‍ മരണശേഷം ദാനം ചെയ്തിരുന്നു.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ പുനീത് നല്‍കിയിരുന്നു.
കര്‍ണാടകയിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയാണ് പുനീത് നല്‍കിയത്.
സ്വന്തം നിര്‍മാണകമ്പനികള്‍ക്കല്ലാത്ത സിനിമകള്‍ക്കായി പാടുന്നതിന് ലഭിക്കുന്ന പ്രതിഫലവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പുനീത് മാറ്റിവെക്കാറുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Puneeth Rajkumar’s fans die of heart attack after news of actor’s death