Movie Day
'ബിസിനസിനെക്കാളും വലുതാണ് ഇമോഷന്‍സ്'; പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച ചിത്രം 'ജെയിംസി'ന്റെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 11, 06:55 am
Friday, 11th February 2022, 12:25 pm

അന്തരിച്ച കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച ചിത്രം ‘ജെയിംസി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്‍കി ചെയ്ത മാസ് ചിത്രമാണ്. ചേതന്‍ കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കിഷോര്‍ പതിക്കോടയാണ്.

നടനും സഹോദരനുമായ ശിവരാജ് കുമാറാണ് പുനീതിന് ശബ്ദം നല്‍കിയത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ‘ജെയിംസ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

മരണത്തിനു മുന്‍പായി പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ജെയിംസ്’. ഒരു പാട്ടും ആക്ഷന്‍ സീക്വന്‍സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം വിടപറഞ്ഞത്. പുനീതിന്റെ ജന്മദിനമായ മാര്‍ച്ച് 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പുനീതിനോടുള്ള ബഹുമാന സൂചകമായി ജെയിംസിന്റെ റിലീസ് നടക്കുന്ന ഒരാഴ്ച മറ്റു കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യില്ലെന്ന് കന്നഡ സിനിമാപ്രവര്‍ത്തകര്‍ അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അനു പ്രഭാകര്‍, ശ്രീകാന്ത്, ആര്‍. ശരത്കുമാര്‍, തിലക് ശേഖര്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 നാണ് സിനിമാലോകത്തെ ഞെട്ടിച്ച് പുനീതിന്റെ വിയോഗമുണ്ടായത്. ജിമ്മില്‍ വര്‍ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നു.


Content Highlight: puneeth rajkumar last movie james trailer out