| Tuesday, 28th May 2024, 2:35 pm

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂനെ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തീവ്ര ഹിന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപകീര്‍ത്തിപ്പെടുത്തിയെന്ന് പൂനെ പൊലീസ്. സവര്‍ക്കറുടെ ചെറുമകന്‍ സത്യകി അശോക് നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് പൂനെ പൊലീസ് പറഞ്ഞു. കേസിലെ അന്തിമ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അക്ഷി ജെയിന്‍ കോടതിയിലാണ് പൂനെ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ കേസില്‍ രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകന്‍ സംഗ്രാം കോല്‍ഹട്ട്കര്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുലിനെതിരെ സാത്യകി പരാതി നല്‍കിയത്. 2023 മാര്‍ച്ചില്‍ രാഹുല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

‘ഞാനും എന്റെ ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരിക്കല്‍ ഒരു മുസ്ലിം യുവാവിനെ മര്‍ദിച്ചു. അതില്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി,’ എന്ന് വി.ഡി. സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞതായാണ് പരാതി.

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം. രാഹുലിന്റെ ആരോപണം വ്യാജമാണെന്നും ദുരുദ്ദേശ്യപരവുമാണെന്ന് സത്യകി സവര്‍ക്കര്‍ പരാതിയില്‍ പറഞ്ഞു.

2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ കോടതി രാഹുലിനെ മാനനഷ്ടത്തിന് ശിക്ഷിക്കുകയും രണ്ട് വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കോടതി വിധി. എന്നാല്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ശിക്ഷ വിധി കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.

നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി രാഹുലിനെതിരെയുള്ള ശിക്ഷ വിധി സ്റ്റേ ചെയ്തത്. ‘എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണ്,’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആരോപണം.

Content Highlight: Pune police said that Rahul Savarkar was defamed in his London speech

Latest Stories

We use cookies to give you the best possible experience. Learn more