പൂനെ: ഭീമ കോര്‍ഗാവ് അക്രമക്കേസില്‍ അറസ്റ്റിലായ സാമൂഹികപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് 90 ദിവസം കൂടി അനുവദിച്ചു. പൂനെ പൊലീസ് ജൂണില്‍ അറസ്റ്റു ചെയ്ത അഞ്ച് സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കുറ്റപത്രം മൂന്നുമാസമായിട്ടും പൊലീസ് സമര്‍പ്പിച്ചിരുന്നില്ല.
യു.എ.പി.എയാണ് സാമൂഹികപ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ 90 ദിവസങ്ങള്‍ക്കകം അന്വേഷണം പൂര്‍ത്തീകരിക്കാനായില്ലങ്കില്‍ 180 ദിവസം വരെ സമയം നീട്ടി നല്‍കാനാകും. ഇക്കാരണം മുന്‍നിര്‍ത്തിയാണ് കോടതി അധിക സമയമനുവദിച്ചിരിക്കുന്നത്.
അറസ്റ്റിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി സെപ്തംബര്‍ മൂന്നിന് അവസാനിക്കും. കേസില്‍ പുതിയ അഞ്ചു അറസ്റ്റു കൂടി ഉണ്ടായിരിക്കുകയാണ്. അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ട് – കേസന്വേഷിക്കുന്ന ഉദ്യാഗസ്ഥന്‍ ശിവജി പവാര്‍ അറിയിച്ചു.
Also Read: ജംഷദ്പൂര്‍ രാജ്യത്തെ ആദ്യ “ചാണക വിമുക്ത നഗര”മാകും; നടപടികള്‍ ആരംഭിച്ചതായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
കോടതിയില്‍ എതിര്‍വാദങ്ങളൊന്നും ഉയര്‍ത്തിയില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാഹുല്‍ ദേശ്മുഖ് പറയുന്നു. തൊട്ടുമുന്‍പത്തെ ദിവസമാണ് നോട്ടീസ് നല്‍കിയതെന്നും, കേസ് പഠിച്ച് തയ്യാറെടുക്കാനുള്ള സമയം ലഭിക്കാത്തതിനാല്‍ വാദിക്കാനായില്ലെന്നും ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.
ജനുവരി ഒന്നിന് ഭീമ കോര്‍ഗാവില്‍ നടന്ന അക്രമങ്ങള്‍ക്കു കാരണമായത് എല്‍ഗാര്‍ പരിഷദ് യോഗത്തില്‍ നടന്ന വിദ്വേഷപരമായ പ്രസംഗങ്ങളാണെന്നാണ് പൊലീസിന്റെ പക്ഷം. ഇതുമായി ബന്ധപ്പെട്ടാണ് സുരേന്ദ്ര ഗാഡ്‌ലിങ്, ഷോമാ സെന്‍, മഹേഷ് റൗട്ട്, സുധീര്‍ ധവാലെ, റോണ വില്‍സണ്‍ എന്നീ ആക്ടിവിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
കഴിഞ്ഞയാഴ്ചയാണ് ഇതിനു തുടര്‍ച്ചയായി മറ്റ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്തത്. വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ എന്നിവരെയാണ് അറസ്റ്റു ചെയ്ത് പിന്നീട് സുപ്രീം കോടതി ഉത്തരവും പ്രകാരം വീട്ടുതടങ്കലിലാക്കിയത്.