കണ്ണൂര്‍: ഭീമ കൊറേഗാവ് സംഭവത്തില്‍ ബന്ധം ആരോപിച്ചും, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നുമാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എ ഷാജി.
സര്‍ക്കാരിനെ മറിച്ചിടാന്‍ ഫാസിസ്റ്റ് വിരുദ്ധ ഗൂഡാലോചന നടത്തിയവരേയാണ് പിടികൂടിയത് എന്നാണ് പൂനൈ പൊലീസ് കോടതിയോട് പറഞ്ഞിരിക്കുന്നത്. അപ്പോള്‍ സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്ന കാര്യത്തില്‍ പൊലീസിന് പോലും സംശയമില്ലല്ലേ, കെ.എ ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹാസ സ്വരത്തില്‍ ചോദിച്ചു.
ഇനിയും ഫാസിസം വന്നിട്ടില്ലെന്ന് പറയുന്നവര്‍ പൂനെ പൊലീസിനെയെങ്കിലും വിശ്വസിക്കണം എന്നും കെ.എ ഷാജി പോസ്റ്റില്‍ പറയുന്നുണ്ട്.
ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടല്‍ ആരോപിച്ച് കഴിഞ്ഞദിവസമാണ് പൂനെ പൊലീസ് സാമൂഹ്യപ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്യുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൂനെ പൊലീസിന്റെ നടപടി.
പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നും പറഞ്ഞായിരുന്നു പൊലീസ് നടപടി.
ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചരിത്രകാരി റോമിലാ ഥാപ്പര്‍, ഇടതുചിന്തകനും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക്, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്നും അതില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബര്‍ ആറുവരെ അറസ്റ്റിലായവരെ വീട്ടുതടങ്കലില്‍ വെച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.