പൂനെ: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ ടീം തകര്‍ന്ന് വീണതിന്റെ ആഘാതം ഇന്ത്യന്‍ ക്യാമ്പില്‍ നിന്നും ഇതുവരേയും വിട്ടുമാറിയിട്ടില്ല. അപ്പോഴേക്കുമിതാ മറ്റൊരു വിവാദം കൂടി എത്തിയിരിക്കുകയാണ്.
മത്സരം നടന്ന മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെ പിച്ച് മോശമായിരുന്നുവെന്ന് മാച്ച് റഫറി ഐ.സി.സിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. മാച്ച് റഫറിയായിരുന്ന ക്രിസ് ബ്രോഡാണ് റിപ്പോര്‍ട്ട് ഐ.സി.സിയ്ക്ക് കൈമാറിയിരിക്കുന്നത്.
നിയമാവലിയിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള നിലവാരം പൂനെയിലെ പിച്ചിന് ഇല്ലെന്ന് ബ്രോഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പതിനാല് ദിവസത്തിനുള്ളില്‍ ബി.സി.സി.ഐ മറുപടി നല്‍കണം.
ബാറ്റിംഗിന് പ്രതികൂലമായ പിച്ചില്‍ 333 റണ്‍സിന്റെ കനത്ത തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ബൗളിംഗിന് അനുകൂലമായിരുന്ന പിച്ചില്‍ മൂന്ന് ദിവസവും വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നിരുന്നു.
പിച്ചിലെ പുല്ല് നീക്കം ചെയ്ത് സ്പിന്‍ ബൗളിംഗിന് അനുകൂലമായ പിച്ചൊരുക്കാന്‍ എം.സി.എയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നുവെന്നും സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് ടീം ഇന്ത്യ പിച്ചൊരുക്കുകയാണെന്നും നേരത്തേ ആരോപണങ്ങളുണ്ടായിരുന്നു. ഈ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
വരണ്ട പിച്ചൊരുക്കുന്നതിലെ അപകടത്തെ കുറിച്ച് ക്യൂറേറ്റര്‍ ബി.സി.സി.ഐയ്ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായും വെളിപ്പെടുത്തല്‍ വന്നിരുന്നു. മത്സരത്തില്‍ കനത്ത തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ സ്വയം കുഴിച്ച വാരിക്കുഴിയില്‍ വീണ ഇന്ത്യയുടെ തന്ത്രങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
മാര്‍ച്ച് നാലിന് ബംഗലൂരുവിലാണ് രണ്ടാമത്തെ ടെസ്റ്റ്. പരമ്പരയില്‍ 1-0 ന് മുന്നിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ.