ന്യൂദല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തക സഫീന നബിക്ക് അവാര്‍ഡ് റദ്ദ് ചെയ്ത് മഹാരാഷ്ട്ര പുനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി.
വലതുപക്ഷ-രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് സഫീനക്കുള്ള പുരസ്‌കാരം മാനേജ്മന്റ് റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘കശ്മീരിലെ അര്‍ധവിധവകള്‍’ എന്ന സഫീനയുടെ റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഭര്‍ത്താക്കന്മാരുടെ മരണത്തിനുശേഷം സ്വത്തവകാശം നിഷേധിക്കപ്പെടുന്ന കശ്മീരിലെ വിധവകളുടെ ദുരവസ്ഥയാണ് റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്.
സമൂഹത്തില്‍ അനുകമ്പയും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ വിഭാഗത്തിലാണ് സഫീനയുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടത്.
പുലിട്‌സര്‍ സെന്റര്‍ ഓണ്‍ ക്രൈസിസ് റിപ്പോര്‍ട്ടിംഗ് ആണ് സഫീനയെ സ്റ്റോറി റിപ്പോര്‍ട്ടിംഗിന് സഹായിച്ചത്.
ദി ഇന്ത്യന്‍ എക്‌സ്പ്രസ് പൂനെ എഡിഷന്‍ റെസിഡന്റ് എഡിറ്റര്‍ സുനന്ദ മേത്ത, ടൈംസ് ഓഫ് ഇന്ത്യയുടെ കാര്‍ട്ടൂണിസ്റ്റ് സന്ദീപ്, ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ മീഡിയ സ്‌കൂള്‍ മേധാവി സഞ്ജീവ് രത്‌ന സിങ്, ദി വയറിന്റെ സ്ഥാപക എഡിറ്റര്‍ എം. കെ വേണു എന്നിവരടങ്ങുന്ന ജൂറി അംഗങ്ങള്‍ ചേര്‍ന്നാണ് നിരവധി എന്‍ട്രികളില്‍ നിന്നും സഫീനയുടെ റിപ്പോര്‍ട്ട് തിരഞ്ഞെടുത്തത്.
അവാര്‍ഡ് ലഭിച്ചതായി സഫീനയെ സര്‍വ്വകലാശാല മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ധീരജ് സിംഗ് ഫോണിലൂടെയും മെയിലിലൂടെയും ഒക്ടോബര്‍ 11ന് അറിയിച്ചിരുന്നു. പുരസ്‌കാരദാന ചടങ്ങിനായി പൂനെയിലേക്ക് വരാന്‍ ഇരിക്കുകയായിരുന്നു സഫീന. അതിനുള്ള സജ്ജീകരണങ്ങള്‍ സര്‍വകലാശാല ചെയ്തിരുന്നതായും സഫീന വ്യക്തമാക്കുന്നു.
എന്നാല്‍ ഒക്ടോബര്‍ 16ന് ഉച്ചകഴിഞ്ഞ് അവാര്‍ഡ് റദ്ദാക്കി എന്നും അതിനാല്‍ ഇനി പൂനെയിലേക്ക് വരേണ്ടതില്ലെന്നും അറിയിക്കുകയായിരുന്നുവെന്നും സഫീന പറഞ്ഞതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
സഫീനയുടെ പുരസ്‌കാരം റദ്ദാക്കിയതിനെ തുടര്‍ന്ന് ജൂറി അംഗങ്ങളും ചടങ്ങ് ബഹിഷ്‌കരിച്ചു.
Content Highlight: Pune Institute cancels award for Kashmiri Journalist