പൂനെ: പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) നടത്താനിരുന്ന അംബേദ്‌കറിന്റെ കൃതികളെക്കുറിച്ച് സംസാരിക്കുന്ന പരിപാടി എ.ബി.വി.പിയുടെ പരാതിയെ തുടർന്ന് റദ്ദാക്കി. ഐ.ഐ.എസ്.ഇ.ആറിലെ മൂന്ന് വനിതാ ജാതി വിരുദ്ധ പ്രവർത്തകർ നടത്താനിരുന്ന ചർച്ചകൾ റദ്ദാക്കിയതോടെ വ്യാപകമായി വിമർശനം ഉയർന്നിട്ടുണ്ട്.
വലതുപക്ഷ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. ഡോ. ബി.ആർ. അംബേദ്കറുടെ കൃതികൾക്കായി ഞായറാഴ്ച നടത്താനിരുന്ന മുക്തിപർവ് എന്ന പരിപാടിയാണ് റദ്ദാക്കിയത്.
ഏപ്രിൽ ആദ്യം മുതൽ ഐ.ഐ.എസ്.ഇ.ആർ പൂനെയിൽ നിരവധി കലാ-സാഹിത്യ പരിപാടികൾ നടന്നുവരികയാണ്. ഏപ്രിൽ 13ന് നടക്കാനിരുന്ന പ്രധാന പരിപാടികളിൽ ഒന്ന് വിവിധ മേഖലകളിൽ നിന്നുള്ള പണ്ഡിതന്മാർ ഡോ. ബി.ആർ. അംബേദ്കറുടെ കൃതികളെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഭരണകൂടം ഈ പരിപാടി റദ്ദാക്കിയതോടെ സംഘാടകരും പങ്കാളികളും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
പരിപാടിയുടെ ഏകപക്ഷീയമായ റദ്ദാക്കലിനെതിരെ ഐ.ഐ.എസ്.ഇ.ആർ വിദ്യാർത്ഥി കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിയോജിപ്പിന്റെ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഒരു മാർഗമാണിതെന്ന് അവർ പ്രസ്താവനയിൽ അപലപിച്ചു.
‘രാജ്യത്തുടനീളമുള്ള സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കപ്പെട്ട സെൻസർഷിപ്പാണിവിടെ കാണാൻ സാധിക്കുന്നത്. അക്കാദമിക് സ്ഥാപനങ്ങളിൽ എല്ലായിടത്തും സ്വേച്ഛാധിപത്യപരമായ സാന്നിധ്യം അനുഭവപ്പെടുന്നു. അക്കാദമിക് സ്വാതന്ത്ര്യം ബാഹ്യ ഏജൻസികൾക്കോ ഭരണ സർക്കാരിനോ പണയം വയ്ക്കാൻ നിർബന്ധിതരാക്കപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണകൂടത്തിന്റെ ഇത്തരം പ്രവണതകളെയും ഞങ്ങൾ നിസ്സംശയമായും അപലപിക്കുകയും ഈ മുകളിൽ നിന്നുള്ള അടിച്ചമർത്തലുകളെ ചെറുക്കുന്നതിന് ഞങ്ങളുടെ നിരുപാധിക ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ ഐക്യത്തോടെ നിൽക്കാൻ ഞങ്ങൾ IISER എല്ലാ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു,’ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ദളിത് വ്യക്തികൾ സംഘടിപ്പിച്ച പരിപാടിയെ എ.ബി.വി.പി ഭയപ്പെടുകയാണോയെന്ന്ഒരു വിദ്യാർത്ഥി ചോദിച്ചു.
‘ദളിത്-ആദിവാസി-ബഹുജൻ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഒരു പരിപാടിയായ മുക്തിപർവ്, നൂറുകണക്കിന് പ്രേക്ഷകരെ മാത്രമേ ആകർഷിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഈ ചെറിയ പരിപാടി എ.ബി.വി.പിയെയും ഭരണ സ്ഥാപനത്തെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബ്രാഹ്മണരും ഉയർന്ന ജാതിക്കാരും നടത്തുന്ന ഒരു സംഘടനയായ എ.ബി.വി.പിയോട് ഞങ്ങൾ ചോദിക്കുന്നു. ദളിത്-ബഹുജൻ ആദിവാസികൾ അംബേദ്കറും അംബേദ്കർ ജയന്തിയും എങ്ങനെ ആഘോഷിക്കണമെന്ന് പറയാൻ നിങ്ങൾ ആരാണെന്ന്? എ.ബി.വി.പിയും ഭരണവർഗങ്ങളും ദളിത്-ആദിവാസി വിദ്യാർത്ഥികൾ അനുസരണയുള്ളവരായി തുടരണമെന്ന് ആഗ്രഹിച്ചേക്കാം. പക്ഷേ അത് ഒരിക്കലും സംഭവിക്കില്ല. വിദ്യാർത്ഥി കാമ്പസുകളിലെ ഈ സെൻസർഷിപ്പിനെയും പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനെയും ഞങ്ങൾ ചെറുക്കും,’ പ്രസ്താവനയിൽ പറയുന്നു.
Content Highlight: Pune: IISER abruptly cancels Ambedkar event following ABVP complaint