മുംബൈ: യുക്തിവാദി നരേന്ദ്ര ദാഭോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് പൂനെ കോടതി. പ്രതികളായ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്ന് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
ഡോ. വീരേന്ദ്രസിങ് തവാഡെ, വിക്രം ഭാവെ, സഞ്ജീവ് പുനലേക്കര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പൂനെ സെഷന്‍സ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് കോടതി വിധി.
2013 ആഗസ്റ്റ് 20 നായിരുന്നു നരേന്ദ്ര ദാഭോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. 2014ല്‍ പൂനെ സിറ്റി പൊലീസില്‍ നിന്നും സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുകയായിരുന്നു. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ സ്ഥാപക പ്രസിഡന്റ് കൂടിയായിരുന്നു നരേന്ദ്ര ദാഭോല്‍ക്കര്‍.
കേസിലെ അഞ്ച് പ്രതികള്‍ക്കും എതിരെ 2021 സെപ്റ്റംബര്‍ 15ന് പൂനെ സെഷന്‍സ് കോടതിയാണ് കുറ്റങ്ങള്‍ ചുമത്തിയത്. 2015ല്‍ ദാഭോല്‍ക്കറുടെ മകളും മകനും കേസില്‍ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണം കോടതി നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടര്‍ന്നുള്ള വിചാരണയില്‍ സനാതന്‍ സന്‍സ്ത സംഘടന പ്രവര്‍ത്തകരായ അഞ്ചു പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് പൂനെ സി.ബി.ഐ പ്രത്യേക കോടതി വിധിച്ചിരുന്നു. സംഘടനയുടെ അഭിഭാഷകന്‍ സഞ്ജീവ് പുനലേക്കര്‍ക്കെതിരെയും തെളിവ് നശിപ്പിച്ചതിന് സി.ബി.ഐ കോടതി കുറ്റം ചുമത്തിയിരുന്നു.
പ്രത്യേക ജഡ്ജി എസ്.ആര്‍. നവന്ദര്‍ ആണ് പ്രതികള്‍ക്കെതിരെ അന്ന് കുറ്റം ചുമത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് ഐ.പി.സി പ്രകാരവും ഭീകരവാദ പ്രവര്‍ത്തനത്തിന് യു.എ.പി.എ 16 ആം വകുപ്പ്, ആയുധനിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരവുമാണ് കുറ്റം ചുമത്തിയിരുന്നത്.
Content Highlight: Pune High Court found two accused guilty in Narendra Dabholkar’s murder case