പൂനെ: ആനന്ദ്‌തെല്‍തുംദെയെ അറസ്റ്റ് ചെയ്ത പൂനെ പൊലീസ് നടപടി നിയമവിരുദ്ധമെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും പൂനെ സെഷന്‍സ് കോടതി ഉത്തരവ്. ഇന്ന് അറസ്റ്റ് നടന്നതിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടപടി.
ജനുവരി 14ന് സുപ്രീം കോടതി 4 ആഴ്ചത്തേക്ക് തെല്‍തുംദെയ്ക്ക് അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനും കോടതി തെല്‍തുംദെയ്ക്ക് അനുമതി നല്‍കിയിരുന്നു. ഫെബ്രുവരി 11ന് വരെയാണ് സുപ്രീം കോടതി അനുവദിച്ച സംരക്ഷണത്തിന്റെ കാലാവധി. ഇതിനിടെയാണ് ഇന്ന് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തെല്‍തുംദെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൂനെ കോടതി ഇന്നലെ തള്ളിയിരുന്നു. തെല്‍തുംദെയ്ക്കെതിരെ മതിയായ തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൂനെ കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തെല്‍തുംദെയുടെ കൗണ്‍സില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഭീമ കൊറേഗാവില്‍ നടന്ന അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പ്രമുഖ അക്കാദമീഷ്യനും സാമൂഹികപ്രവര്‍ത്തകനുമായ ആനന്ദ് തെല്‍തുംദെയെ പൂനെ പൊലീസ് അറസ്റ്റു ചെയ്തത്.