പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അമ്പലത്തിനെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ മോദിയുടെ അര്‍ദ്ദകായപ്രതിമ അമ്പലത്തില്‍ നിന്ന് മാറ്റി ബി.ജെ.പി പ്രവര്‍ത്തകന്‍.
മയൂര്‍ മുണ്ടേ എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് മോദിക്ക് വേണ്ടി അമ്പലം പണിയുകയും മോദിയുടെ പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.
തനിക്ക് മോദിയെ ആരാധിക്കാനും അനുഗ്രഹം തേടാനുമാണ് അമ്പലം സ്ഥാപിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.
അതേസമയം, പ്രതിമ നീക്കം ചെയ്തതിന് പിന്നാലെ പരിഹാസവുമായി എന്‍.സി.പി നേതാക്കള്‍ രംഗത്തെത്തി. പ്രതിമ നീക്കം ചെയ്തതില്‍ നിരാശയുണ്ടെന്നും ‘തങ്ങള്‍ ക്ഷേത്രത്തില്‍ വന്നിരുന്നുവെന്നും എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നില്‍ക്കുന്ന പെട്രോള്‍, എല്‍.പി.ജി, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വിഗ്രഹത്തിന് അര്‍പ്പിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്‍.സി.പി നേതാക്കള്‍ പറഞ്ഞു.
അവശ്യ സാധനങ്ങളുടെ വില കുറയ്ക്കാനും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും നഗരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ നീക്കം ചെയ്തതില്‍ തങ്ങള്‍ നിരാശരാണെന്നും എന്‍.സി.പി നേതാവ് പ്രശാന്ത് ജഗ്താപ് പറഞ്ഞു.