|

ലയണല്‍ മെസിയെക്കാളും എന്തുകൊണ്ടും മികച്ചവന്‍ വിനീഷ്യസ് ജൂനിയര്‍ ആണെന്ന് പറയാന്‍ കാരണമുണ്ട്; ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെക്കാള്‍ മികച്ചവനാണ് റയലിന്റെ ബ്രസീല്‍ ഇന്റര്‍നാഷണല്‍ വിനീഷ്യസ് ജൂനിയറെന്ന് പണ്ഡിറ്റുകളായ ജോസ് ലൂയീസ് സാഞ്ചസും എഡു അഗ്യൂറിയും അഭിപ്രായപ്പെട്ടിരുന്നു.

ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ സാധിക്കുമെന്നും എന്നാല്‍ ഇരുവര്‍ക്കും വ്യത്യസ്തമായ കളിരീതികളുമാണ് ഉള്ളതെന്നും പണ്ഡിറ്റുകള്‍ പറഞ്ഞു.

എല്‍ ചിരിംഗ്വിറ്റോക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഓള്‍ എബൗട്ട് അര്‍ജന്റീനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘വിനീഷ്യസാണ് മെസിയെക്കാള്‍ ഏറ്റവും മികച്ച താരം, അതാണ് സത്യവും. ഞങ്ങളുടെ അഭിപ്രായത്തില്‍ ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ തെറ്റൊന്നും തന്നെയില്ല. പക്ഷേ അവരുടെ കളിരീതികള്‍ വ്യത്യസ്തമാണ്.

വിനീഷ്യസ് കളിക്കളത്തിലെ സ്‌ഫോടനാത്മകമായ പ്രകടനത്തെയും തന്റെ വേഗതയെയുമാണ് ആശ്രയിക്കുന്നത്. വിങ്ങുകളിലായാലും ലൈനിന് സമീപത്താണെങ്കിലും ഡിഫന്‍ഡര്‍മാര്‍ക്ക് തൊട്ടുമുമ്പിലാണെങ്കിലും അവനത് ചെയ്യും. ഒട്ടും സ്‌പേസ് ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും അവന്‍ പന്തുമായി വെട്ടിത്തിരിഞ്ഞ് മുന്നേറും,’ അവര്‍ പറഞ്ഞു.

‘ഓപ്പണ്‍ സ്‌പേസുകളില്‍ മെസിയായിരിക്കാം മികച്ച രീതിയില്‍ ഡ്രിബിള്‍ ചെയ്യുന്നത്. എന്നാല്‍ വിനീഷ്യസ് കുറച്ചുകൂടി വേഗത്തില്‍ കളിക്കുന്നവനാണ്, ആ എരിയകളിലെല്ലാം തന്നെ പന്തുമായി രക്ഷപ്പെടാന്‍ അവന്‍ കൂടുതല്‍ വഴി കണ്ടെത്തും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുവരുടെ വാക്കുകള്‍ക്കെതിരെ ആരാധകര്‍ വിമര്‍ശനവും പരിഹാസങ്ങളും ഉയര്‍ത്തുന്നുണ്ടെങ്കിലും വിനീഷ്യസ് മികച്ച താരങ്ങളില്‍ ഒരാളാണ് എന്ന കാര്യവും അവര്‍ അംഗീകരിക്കുന്നുണ്ട്.

വിനീഷ്യസ് ബാലണ്‍ ഡി ഓര്‍?

ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് വിനീഷ്യസ്. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കം നേടിയാണ് താരം പുരസ്‌കാരത്തിലേക്ക് കണ്ണുവെക്കുന്നത്.

ഇത്തവണത്തെ പുരസ്‌കാരം വിനീഷ്യസിന് തന്നെ ലഭിക്കുമെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

‘വിനി വളരെയധികം ശാന്തനായ വ്യക്തിയാണ്. ഈ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിന് തൊട്ടടുത്തെത്തി എന്ന് അവന് വ്യക്തമായി അറിയാം. കഴിഞ്ഞ സീസണിലും ഈ വര്‍ഷവും വളരെ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുക്കുന്നത്. ഞങ്ങളവനെ കൂടുതല്‍ സ്വസ്ഥനായി വിടാനാണ് ആഗ്രഹിക്കുന്നത്. ബാലണ്‍ ഡി ഓര്‍ ഇതാ തൊട്ടടുത്തെത്തി. അവന്‍ തന്നെ പുരസ്‌കാരം നേടുമെന്ന് എനിക്കുറപ്പാണ്,’ എന്നായിരുന്നു ബ്രസീല്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ് പറഞ്ഞത്.

കാര്‍ലോസിന് പുറമെ മുന്‍ ബ്രസീല്‍ – റയല്‍ മാഡ്രിഡ് സൂപ്പര്‍ താരമായ മാഴ്സലോയും സൂപ്പര്‍ താരം നെയ്മറും വിനീഷ്യസ് തന്നെ പുരസ്‌കാരം നേടുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്.

‘തീര്‍ച്ചയായും, ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടുന്നതിന് ഞാന്‍ വിനീഷ്യസിനെ പിന്തുണക്കും. എന്നെ സംബന്ധിച്ചിടത്തോളം ബാലണ്‍ ഡി ഓര്‍ വിജയിക്കാന്‍ ഇതിലും മികച്ച മറ്റൊരാളില്ല. അവന്‍ അത് അര്‍ഹിക്കുന്നുണ്ട്. കാരണം വിനീഷ്യസ് ഒരു പോരാളിയാണ്. ജീവിതത്തിലുടനീളം അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവന്‍ എല്ലാ വിമര്‍ശനങ്ങളെയും മറികടന്നുകൊണ്ടാണ് മുന്നേറിയത്,’ ബ്രസീലിയന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ബാന്‍ഡ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു.

‘ബാലണ്‍ ഡി ഓര്‍? അവര്‍ ഉറപ്പായും അത് വിനീഷ്യസ് ജൂനിയറിന് തന്നെ നല്‍കും. കാര്‍വഹാല്‍, ബെല്ലിങ്ഹാം, ക്രൂസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ എന്നാണ് മാഴ്സലോയെ ഉദ്ധരിച്ച് മാഡ്രിഡ് എക്സ്ട്രാ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റയലിനായി വിനീഷ്യസ് പുറത്തെടുത്തത്. ലോസ് ബ്ലാങ്കോസിന്റെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും ലാ ലിഗ വിജയത്തിലും യുവേഫ സൂപ്പര്‍ കപ്പ് വിജയത്തിലും നിര്‍ണായകമായ പങ്കായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരം വഹിച്ചത്.

റയലിനും ബ്രസീലിനുമായി കഴിഞ്ഞ സീസണില്‍ 49 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ വിനീഷ്യസ് 26 ഗോളുകളും 11 അസിസ്റ്റുകളുമാണ് നേടിയത്.

2007 കക്കക്ക് ശേഷം ബാലണ്‍ ഡി ഓര്‍ ഒരിക്കല്‍ പോലും ബ്രസീലിന്റെ മണ്ണിലെത്തിയില്ല. എന്നാല്‍ മികച്ച ഫുട്‌ബോളര്‍ക്ക് സമ്മാനിക്കുന്ന സുവര്‍ണഗോളം സ്വന്തമാക്കാന്‍ കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ വേദിയിലെ സോക്രട്ടീസ് പുരസ്‌കാര ജേതാവിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Pundits explains why Vinicius Jr is better than Lionel Messi

Latest Stories