| Wednesday, 29th November 2023, 11:43 am

ഹര്‍ദിക്കിന്റേത് മോശം മാതൃക, ജഡേജ ചെയ്തപ്പോള്‍ ഒരു വര്‍ഷത്തേക്ക് വിലക്കിയതാണ്; തുറന്നടിച്ച് പണ്ഡിറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ന് ലഭിക്കാവുന്ന ഏറ്റവും വലിയ ഹൈപ്പാണ് ഹര്‍ദിക് പാണ്ഡ്യ വീണ്ടും തന്റെ പഴയ കളിത്തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരിക്കവെയാണ് താരം മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറിയത്.

നിരവധി അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയത്. തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഹര്‍ദിക് പാണ്ഡ്യയുടെ പേര് ഉള്‍ക്കൊള്ളിച്ചതും എന്നാല്‍ രണ്ട് മണിക്കൂറിനകം താരം മുംബൈ സ്‌ക്വാഡിന്റെ ഭാഗമായതായും അറിയിക്കുകയായിരുന്നു.

15 കോടി രൂപക്കാണ് ട്രേഡിങ്ങിലൂടെ ടൈറ്റന്‍സ് നായകന്‍ മുംബൈ ഇന്ത്യന്‍സിന്റെ പടകുടീരത്തിലെത്തിയത്.

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ ട്രേഡിങ് ഐ.പി.എല്ലിലെ ഒരു മോശം മാതൃകയാണെന്ന് പറയുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുന്‍ ഡയറക്ടറും ക്രിക്കറ്റ് പണ്ഡിറ്റുമായ ജോയ് ഭട്ടാചാര്യ.

നേരത്തെ രവീന്ദ്ര ജഡേജ മെച്ചപ്പെട്ട ഓഫറിനായി മുംബൈ ഇന്ത്യന്‍സിനെ സമീപിച്ചതും എന്നാല്‍ ഐ.പി.എല്ലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ഒരു വര്‍ഷത്തേക്ക് താരത്തെ വിലക്കിയതും ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു.

2008ലും 2009ലും രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ജഡേജ പ്രതിഫലം വര്‍ധിപ്പിക്കണമെന്ന് റോയല്‍സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഇത് നിരാകരിച്ചതോടെ മെച്ചപ്പെട്ട ഓഫറിനായി താരം മുംബൈ ഇന്ത്യന്‍സിനെ സമീപിക്കുകയായിരുന്നു.

രാജസ്ഥാനുമായി കരാറിലിരിക്കവെയാണ് താരം മുംബൈയെ സമീപിച്ചത്. രാജസ്ഥാനുമായുള്ള കരാര്‍ നീട്ടുന്നതിനെ സംബന്ധിച്ചുള്ള ഓഫറും ജഡേജ ഒഴിവാക്കിയിരുന്നു.

ഇത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയ ഐ.പി.എല്‍ താരത്തെ ഒരു വര്‍ഷത്തേക്ക് വിലക്കുകയായിരുന്നു.

‘രാജസ്ഥാന്‍ റോയല്‍സിനായി തനിക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും സിസ്റ്റത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് ഐ.പി.എല്‍ അടുത്ത സീസണില്‍ നിന്നും അവനെ വിലക്കി.

ലേലത്തിലൂടെ സ്വന്തമാക്കിയ ഒരു താരം പെട്ടെന്ന് നിങ്ങള്‍ക്കായി കളിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നു… ഒരിക്കല്‍ നിങ്ങള്‍ ഈ ട്രെന്‍ഡ് പ്രോത്‌സാഹിപ്പിക്കുകയാണെങ്കില്‍ ഇതൊരിക്കലും മുന്നോട്ടുള്ള പോക്കിന് ഗുണകരമായി ഭവിക്കുകയില്ല.

ഇക്കാരണത്താലാണ് 2010ല്‍ ഈ സിസ്റ്റം നിര്‍ത്തലാക്കിയത്. എന്നാല്‍ 2023ല്‍ ഒരു വലിയ താരത്തിനായി നിങ്ങള്‍ ഇത് അനുവദിക്കുകയാണ്. ഇത് അനുവദിച്ചുതുടങ്ങിയാല്‍, വേണ്ടത്ര ചലനമുണ്ടാക്കിയാല്‍ ഫ്രാഞ്ചൈസി തങ്ങളെ റിലീസ് ചെയ്യുമെന്ന് ഓരോ താരത്തിനും തോന്നും. ഇത് ലീഗിന് ഒരിക്കലും മികച്ച മാതൃകയല്ല,’ ഓക്ട്രീ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഭട്ടാചാര്യ പറഞ്ഞു.

സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ട്രേഡ് ചെയ്താണ് മുംബൈ ഹര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാനുള്ള പണം കണ്ടെത്തിയത്. 17.5 കോടി രൂപക്കാണ് ഗ്രീന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തിയത്.

Content highlight: Pundit Joy Bhattacharjya criticize Hardik Pandya’s move to Mumbai Indians

Latest Stories

We use cookies to give you the best possible experience. Learn more