തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇനിമുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വയംഭരണഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പഞ്ചിംഗ് സംവിധാനത്തില്‍ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പഠനത്തിന് നിയോഗിച്ച ടെക്‌നിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് ഉത്തരവ്. ഇപ്പോള്‍ സെക്രട്ടേറിയേറ്റ് അടക്കമുള്ള പ്രധാന ഓഫീസുകളില്‍ മാത്രമാണ് പഞ്ചിംഗ് മെഷീനെ ശമ്പള വിതരണ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
എല്ലാ വകുപ്പുകളിലും 6 മാസത്തിനകവും സിവില്‍ സ്‌റ്റേഷനുകളില്‍ 3 മാസത്തിനകവും ശമ്പളവിതരണ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. അഞ്ചരലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ ഇതോടെ പഞ്ചിംഗ് സംവിധാനത്തിന്റെ കീഴിലാകും.