| Monday, 21st March 2016, 11:15 pm

പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലിലെന്ന മംഗളം വാര്‍ത്ത തെറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുളളയെ അദ്ദേഹത്തിന്റെ മരുമകന്‍ വീട്ടുതടങ്കലില്‍ വെച്ചിരിക്കുകയാണ്  എന്ന തരത്തില്‍ മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സുഹൃത്തും എഴുത്തുകാരനുമായ ഇ.എം ഹാഷിം. കഴിഞ്ഞ 14.3.2016ന് താന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ നേരിട്ട് കണ്ടിരുന്നതാണെന്നും ഇ.എം ഹാഷിം വ്യക്തമാക്കുന്നു.

“കഴിഞ്ഞാഴ്ച്ച (14.03.2016) എം. മുകുന്ദനോടൊപ്പം അദ്ദേഹത്തെ കാണാന്‍ പരിപാടിയിട്ടിരുന്നു. മുകുന്ദേട്ടന് വരാന്‍ കഴിഞ്ഞില്ല. ഇസ്മയിലും അരുണ്‍ പൊയ്യേരിയും ഞാനും കൂടി പുനത്തിലിനെ കണ്ടു. പഴയ കാല ഓര്‍മ്മ പുതുക്കി. ഒപ്പം മകനും ഉണ്ടായിരുന്നു. മുകുന്ദേട്ടന് വരാന്‍ കഴിയാഞ്ഞ വിവരം പറഞ്ഞു. എന്റെ കൈഫോണില്‍ അവര്‍ തമ്മില്‍ സംസാരിക്കുകയും ചെയ്തു.” ഹാഷിം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പുനത്തിലിനൊപ്പമുള്ള ഒരു ചിത്രവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പമുണ്ട്

അദ്ദേഹത്തോടൊപ്പം മദ്യം കഴിച്ച് ചൂഷണം ചെയ്തിരുന്ന ആളുകളില്‍ നിന്ന് ആരോഗ്യകാരണങ്ങളാല്‍ പുനത്തില്‍ സ്വയം മാറിനിന്നതാണെന്നും. അദ്ദേഹത്തെ കണ്ണൂര് വെച്ച് ഒരു പുസ്തകപ്രകാശനത്തിനും മലയാളം സര്‍വ്വ കലാശാലയില്‍വെച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ” മീര ആത്മിയ സാഗരത്തിലെ പ്രണയത്തിര” എന്ന എന്റെ നോവലിന്റെ പ്രകാശനത്തിനുമാണ് അവസാനമായി കണ്ടത്.

അദ്ദേഹം വീട്ടുതടങ്കലില്‍ ആണെന്ന പ്രസ്താവം തെറ്റാണ്. ആരേയും കാണാറില്ല, ഒന്നും വായിക്കാറില്ല, ടിവി തുറക്കാറില്ല. സ്വയം തീര്‍ത്തതും ഒറ്റപ്പെട്ടതുമായ ജീവിതമാണെന്ന് പറയാം. നടക്കാന്‍ കഴിയുന്നില്ല. വീല്‍ച്ചെയറിലാണ് പുനത്തില്‍ സഞ്ചരിക്കുന്നതെന്നും ഒന്നിച്ച് മദ്യപിച്ചിരുന്നവരില്‍ നിന്നും ചൂഷണം ചെയ്തിരുന്നവരില്‍ നിന്നും അകന്നു നില്‍ക്കുന്നത് വീട്ടുതടങ്കല്‍ ആണോ എന്നറിയില്ലെന്നും ഇ.എം ഹാഷിം പറഞ്ഞു.

We use cookies to give you the best possible experience. Learn more