പുനലൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഷ്ടപ്പെട്ട് ഒരു സീറ്റ് ഒപ്പിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്. നാട്ടുകാര്‍ക്കിടയിലിറങ്ങി വോട്ടു ചോദിക്കേണ്ടതിന് പകരം വീടിന്റെ മട്ടുപ്പാവിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തേണ്ട അവസ്ഥയിലാണ് പുനലൂര്‍ നഗരസഭയിലെ നേതാജി വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നെല്‍സണ്‍ സെബാസ്റ്റ്യന്‍.
തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കായി ഇറങ്ങാനിരിക്കെയാണ് നെല്‍സണ് കൊവിഡ് പിടിപെടുന്നത്. പിന്നെ ഹോം ഐസൊലേഷനില്‍. എങ്കിലും സമയം പാഴാക്കാനില്ലാത്തതുകൊണ്ട് വീടിന്റെ മട്ടുപ്പാവിലിരുന്നായി നെല്‍സന്റെ വോട്ടുപിടുത്തം.
രാവിലെ മുതല്‍ വീടിന്റെ ബാല്‍ക്കണിയില്‍ കയറി ഇരിക്കുന്ന നെല്‍സണ്‍ റോഡിലൂടെ പോകുന്ന ആരേയും വെറുതെ വിടില്ല. തന്റെ ഫ്‌ളക്‌സ് ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കും. ഉറപ്പായും ചെയ്തിരിക്കുമെന്ന് റോഡിലൂടെ പോകുന്നവര്‍ വിളിച്ചുപറയുമ്പോള്‍ നെല്‍സണും ആശ്വാസം.
ഇതുകൊണ്ടും പ്രചരണം അവസാനിപ്പിക്കാന്‍ നെല്‍സണ്‍ തയ്യാറല്ല. നാട്ടുകാരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് ഫോണിലൂടെ വോട്ട് തേടലാണ് അടുത്ത പണി.
ജയിക്കുമോ എന്ന ചോദ്യത്തിന് നെല്‍സണ് മറിച്ചൊരു ഉത്തരമില്ല. എതിര്‍സ്ഥാനാര്‍ത്ഥി ശക്തനാണെങ്കിലും താന്‍ ഉറപ്പായും വിജയിച്ചിരിക്കുമെന്ന് നെല്‍സണ്‍ ആത്മവിശ്വാസത്തോടെ പറയുന്നു. എല്‍.ഡി.എഫില്‍ നിന്നും അജി ആന്റണിയാണ് ഇവിടെ ജനവിധി തേടുന്നത്.
രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങാമെന്നാണ് നെല്‍സണ്‍ പറയുന്നത്. നെല്‍സണ്‍ ഇല്ലെങ്കിലും മണ്ഡലത്തിലെ ബാക്കി കാര്യങ്ങളെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥിയുടെ അഭാവം അറിയിക്കാതെ പ്രചരണം മുന്നോട്ടുകൊണ്ടുപോകുകയാണെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി ഐസൊലേഷനിലായെങ്കിലും പാര്‍ട്ടി വിജയിക്കുമെന്നതില്‍ ഇവര്‍ക്കും സംശയമില്ല.
അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ വന്നെങ്കിലും കൊവിഡിനേയും എതിര്‍സ്ഥാനാര്‍ത്ഥിയേയും പരാജയപ്പെടുത്തി വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് നെല്‍സണും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക