ഇസ്രഈലും സെര്‍ബിയയും ഉള്‍പ്പെടെയുള്ള നിരവധി ഫെഡറേഷനുകളുമായുള്ള പ്യൂമയുടെ കരാറുകള്‍ 2024ല്‍ മുഴുവനായും ഇല്ലാതാവുമെന്നും , കരാറുകള്‍ പുതുക്കുകയില്ലെന്നും പ്യൂമ വക്താവ് അറിയിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വ്യത്യസ്ത മാനദണ്ഡങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മറ്റു ടീമുകളുമായി പ്യൂമ പുതിയ കരാറുകള്‍ക്ക് തുടക്കം കുറിക്കുമെന്നും പ്യൂമ വക്താവ് കൂട്ടിച്ചേര്‍ത്തു.
പ്യൂമയുടെ തീരുമാനം അന്താരാഷ്ട്ര കായിക ലോകത്ത് ചില മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ ദേശീയ ടീമുകളുമായി കരാറുകള്‍ ആരംഭിക്കാന്‍ വിപുലമായ ചര്‍ച്ചകളും അവലോകനങ്ങളും പ്യൂമ നടത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അതേസമയം കമ്പനിയുടെ ഈ തീരുമാനം കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്തതാണെന്നും ഫലസ്തീന്‍ – ഇസ്രഈല്‍ സംഘര്‍ഷത്തിനിടയില്‍ ഇസ്രഈലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും സ്ഥാപനത്തിന്റെ വക്താവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗസയിലെ സംഘര്‍ഷാവസ്ഥയെ മുന്‍നിര്‍ത്തി പുതിയ വസ്ത്ര കളക്ഷന്‍ അവതരിപ്പിച്ച ആഗോള ഫാഷന്‍ ബ്രാന്‍ഡ് ആയ സാറക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ദി ജാക്കറ്റ് എന്ന സാറയുടെ പുതിയ പ്രൊമോഷണല്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള കളക്ഷനുകളിലെ ചിത്രങ്ങളില്‍ ഡമ്മികള്‍ വെളുത്ത തുണിയും പ്ലാസ്റ്റിക്കും ഉപയോഗിച്ച് ചുറ്റിവരഞ്ഞതായി കാണാം.
ഗസയില്‍ പരമ്പരാഗതമായി വെളുത്ത തുണി ഉപയോഗിച്ച് മൃതദേഹങ്ങള്‍ പൊതിയുന്നതിന് സമാനമാണ് ഇതെന്ന് നിരവധി ആളുകള്‍ ചൂണ്ടിക്കാട്ടി. ക്യാമ്പയിന്‍നിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടില്‍ കലാപ അന്തരീക്ഷത്തിന്റെ സെറ്റും ഉപയോഗിച്ചിട്ടുണ്ട്.
Content Highlight: Puma to end sponsorship of Israel’s national football team