പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം ഒഴിവാക്കണമെന്ന് പാകിസ്താന്‍ വിഘടനവാദി സംഘടനയായ ജെയ് സിന്ധ് മുത്തഹിദ മഹസ് ( ജെ.എസ്.എം.എം) ചെയര്‍മാന്‍ ഷാഫി ബുര്‍ഫത്. നിലവിലെ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിച്ചാല്‍ പാക് സര്‍ക്കാരിന്റെ ഭീകരവാദ നിലപാടുകള്‍ക്ക് അനുകൂലമാണെന്ന് വിലയിരുത്തപ്പെടുമെന്നും ഷാഫി ബുര്‍ഫത് പറഞ്ഞു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സംഘടനയായ ജെ.എസ്.എം.എം രാജ്യത്ത് നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് “സിന്ധ്‌ദേശ്” എന്ന പേരില്‍ രാജ്യം രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ്.
പുല്‍വാമയിലെയും കശ്മീരിലെയും ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നും ഉത്തരവാദിത്വമില്ലാത്ത ഭീകര രാഷ്ട്രമാണ് പാകിസ്താനെന്നും ബുര്‍ഫത് പറഞ്ഞു.
സൗദി നയതന്ത്ര സംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം സാമ്പത്തികമോ രാഷ്ട്രീയമോ ആയ സഹകരണമല്ലെന്നും പാകിസ്താന്റെ പക്കലുള്ള ആണവായുധങ്ങളടക്കം സൈനിക സേവനങ്ങള്‍ വാങ്ങലാണെന്നും ബുര്‍ഫത് പറഞ്ഞു. സൗദിയുടെ ഈ നീക്കം പാകിസ്താന്‍ ഭീകരവാദത്തിനുള്ള സൗദിയുടെ പിന്തുണയായി ലോക രാജ്യങ്ങള്‍ കരുതുമെന്നും ബുര്‍ഫത് ആരോപിച്ചു.