| Sunday, 31st March 2019, 6:34 pm

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്ക് ലഭിച്ച സമ്മാനമായിരുന്നു പുല്‍വാമ ഭീകരാക്രമണം; മുന്‍ റോ ചീഫ് എ.എസ് ദുലാത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവനെടുത്ത് ഭീകരാക്രമണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്ക് ലഭിച്ച സമ്മാനമായിരുന്നെന്ന് റിസേര്‍ച്ച് ആന്‍ അനാലിസിസ് വിങ്ങിന്റെ (റോ) മുന്‍ മേധാവി എ.എസ് ദൗലത്ത്.

“ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. ഞാനിപ്പോഴും പറയുന്നു. പുല്‍വാമ ഭീകരാക്രമണം ജെയ്ഷ് ഇ മുഹമ്മദ് മോദിക്ക് നല്‍കിയ ഒരു സമ്മാനമായിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ത്യ തിരിച്ചടിക്കുമെന്ന് തീര്‍ച്ചയായിരുന്നു. എന്തെങ്കിലുമൊന്ന് നടക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയുമായിരുന്നില്ല”- ഹൈദരാബാദില്‍ ഇന്ത്യന്‍ എക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെ ദൗലത്ത് പറഞ്ഞു.

ഭീം ആര്‍മിക്ക് പിന്നില്‍ ബി.ജെ.പി; ചന്ദ്രശേഖര്‍ ആസാദിനെ വരാണസിയില്‍ മത്സരിപ്പിച്ച് ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് മായാവതി

ദേശീയതാ വികാരം കുറച്ചു കൂടെ വിശാലമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണമെന്നും ദുലാത്ത് പറയുന്നു. “ദേശീയതയില്‍ അമിതമായി ഊന്നേണ്ട ആവശ്യമില്ല. കാരണം ദേശീയത യുദ്ധത്തിലേക്ക് നയിക്കുമെന്ന് ലോകം നമുക്ക് മുമ്പും കാണിച്ചു തന്നിട്ടുണ്ട്”- ദുലാത്ത് പറഞ്ഞു.

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ കശ്മീര്‍ ജനതയോടും, തീര്‍ച്ചയായും പാകിസ്ഥാനോടും സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “നമുക്ക് കശ്മീര്‍ ജനതയോട് സംസാരിക്കണം. ആത്യന്തികമായി പാകിസ്ഥാനോടും. ഇതിന് മറ്റൊരു മാര്‍ഗമില്ല”- അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാകിസ്ഥാനുമായി സമാധാന കരാര്‍ ഒപ്പു വെക്കാനിരുന്നതായി ദുലാത്ത് പറയുന്നു. അത് സംഭവിച്ചിരുന്നെങ്കില്‍ കശ്മീരില്‍ സമാധാനം പുലരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്ന് ദുലാത്ത് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഭീകരരുടെ ക്യാമ്പുകളെ ആക്രമിച്ചതിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

We use cookies to give you the best possible experience. Learn more