പുല്‍വാമ ആക്രമണം; പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ
Pulwama Terror Attack
പുല്‍വാമ ആക്രമണം; പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നയതന്ത്രനീക്കം ശക്തമാക്കി ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 7:00 pm

ന്യൂദല്‍ഹി: പുല്‍വാമ ആക്രമണത്തോടെ പാക്കിസ്ഥാനെ രാജ്യാന്തരമായി ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാക്കി ഇന്ത്യ. ഇതിനായി ഐക്യരാഷ്ട്രസമിതിയിലെ സ്ഥിരാംഗങ്ങളുമായി ഇന്ത്യ ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. ചൈനയുമായും നയതന്ത്ര ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ സ്ഥിരാംഗങ്ങളായ റഷ്യയും ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചൈനയുടെ പിന്തുണകൂടി ലഭിച്ച് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാനാണ് ഇന്ത്യയുടെ നീക്കം.

വീറ്റോ രാജ്യങ്ങള്‍ക്ക് പുറമെ ജപ്പാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായും ചര്‍ച്ച തുടങ്ങി കഴിഞ്ഞു. യൂറോപ്യന്‍ ശക്തികളായ ജര്‍മനി, സ്‌പെയിന്‍, ഇറ്റലി. എന്നിവരുടെ പിന്തുണയ്ക്കായുള്ള നീക്കവും ഇന്ത്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ALSO READ: പുല്‍വാമ ഭീകരാക്രമണം; പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്നലെ വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.