പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം സ്തംബ്ദം; പക്ഷെ ബി.ജെ.പി നേതാക്കള്‍ ആഘോഷത്തില്‍
Pulwama Terror Attack
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം സ്തംബ്ദം; പക്ഷെ ബി.ജെ.പി നേതാക്കള്‍ ആഘോഷത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 11:26 pm

ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാ പൊതുപരിപാടിയും റദ്ദാക്കിയപ്പോള്‍ ആഘോഷങ്ങളിലും പൊതുപരിപാടികളിലും മാറ്റം വരുത്താതെ ബി.ജെ.പി. നേതാക്കള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ന്യൂദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും മുന്‍കൂട്ടി നിശ്ചയിച്ച ഒരുപരിപാടിയും റദ്ദ് ചെയ്തില്ല. ആക്രമണമുണ്ടായ ദിവസം തന്നെ നേതാക്കള്‍ വിവിധ ആഘോഷപരിപാടികളുടെ വേദിയിലായിരുന്നു.

ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മോദി പ്രസംഗിച്ച ദിവസമായിരുന്നു പുല്‍വാമ ഭീകരാക്രമണം. എന്നാല്‍ അനുശോചനമറിയിച്ച് പരിപാടി റദ്ദ് ചെയ്യാന്‍ മോദി തയ്യാറായില്ല. പുല്‍വാമയില്‍ ഭീകരാക്രമണത്തിന്റെ വിവരമറിഞ്ഞിട്ടും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രസംഗിച്ചത് രാമക്ഷേത്രത്തെ കുറിച്ചായിരുന്നു. ഇതിനെതിരെ ആംആദ്മി രാജ്യസഭാ എം.പി. സഞ്ജയ് സിങ് രംഗത്ത് എത്തിയിരുന്നു.

ALSO READ: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്; ഭരണഘടനാ വിരുദ്ധമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പോള്‍

40 സൈനികര്‍ കൊല്ലപ്പെട്ട ദിവസം ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി കലാപരിപാടിയിലായിരുന്നു. പരിപാടി റദ്ദ് ചെയ്യാതെ വേദിയില്‍ ഗായകന്‍ രവി കിഷനൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു.

മുതിര്‍ന്ന് പാര്‍ട്ടി അംഗം പിയൂഷ് ഗോയല്‍ സൈനികരുടെ മരണ വാര്‍ത്തയറിഞ്ഞിട്ടും തമിഴ്‌നാട്ടില്‍ രാഷ്ട്രീയചര്‍ച്ചകളുടെ പിന്നാലെയായിരുന്നു. എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യചര്‍ച്ചയുടെ തിരക്കിലായിരുന്നു ഗോയല്‍.

എന്നാല്‍ സംഭവം അറിഞ്ഞ ഉടനെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സോണിയ ഗാന്ധി ലഖ്‌നൗ, ഗുജറാത്ത് സന്ദര്‍ശനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. വിമര്‍ശനം ശക്തമായതോടെ ഒരു ദിവസം കഴിഞ്ഞാണ് ബി.ജെ.പി. പൊതുപരിപാടികള്‍ റദ്ദ് ചെയ്തത്.