| Friday, 3rd March 2023, 7:35 pm

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ഇനി ഞങ്ങളുടെ മക്കളെ സൈന്യത്തിലേക്കയക്കില്ല: പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി സമരത്തിനിറങ്ങി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാര്‍. രാജസ്ഥാനില്‍ നിന്നുള്ള മഞ്ജു, മധുബാല, സുന്ദരി ഗുര്‍ജാര്‍ എന്നിവരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാന്‍ നിയമസഭക്ക് മുമ്പില്‍ സമരം ചെയ്യുന്നത്.

സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ലെന്നും വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും പറഞ്ഞ ഇവര്‍ എത്രയും പെട്ടെന്ന്  അനുകൂല നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു..

ഭര്‍ത്താവ് കൊല്ലപ്പെട്ട സമയത്ത് തങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മന്ത്രിമാരില്‍ ആരും തന്നെ പിന്നീട് ഈ വിഷയത്തില്‍ യാതൊരു സഹകരണവും നടത്തിയില്ലെന്ന് പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ രോഹിത് ലാമ്പയുടെ ഭാര്യ മഞ്ജു പറഞ്ഞു.

‘എന്റെ ഭര്‍ത്താവ് രക്തസാക്ഷിയായ സമയത്ത് ഇവിടെയുള്ള മുഴുവന്‍ മന്ത്രിമാരും ഞങ്ങളെ കാണാന്‍ വന്നിരുന്നു. വലിയ വാഗ്ദാനങ്ങളാണ് അന്നവര്‍ നടത്തിയത്. അന്ന് ഞങ്ങള്‍ കരുതിയത് ഞങ്ങളുടെ മക്കളെക്കൂടി രാജ്യത്തിന് വേണ്ടി പോരാടാനായി സൈന്യത്തിലേക്ക് അയക്കാമെന്നാണ്.

എന്നാലിന്ന് ഞങ്ങളതിന് ഒരുക്കമല്ല. ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടെ മക്കളെ ഇനി സൈന്യത്തിലേക്കയക്കില്ല. അന്ന് കൂടെയുണ്ടായിരുന്നവരൊന്നും ഇന്ന് ഞങ്ങളുടെ ഒപ്പമില്ല. സര്‍ക്കാര്‍ ഞങ്ങളുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറല്ല.

കുടുംബത്തില്‍ ഒരാള്‍ക്ക് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലിയും ഇത് വരെ നല്‍കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ഞങ്ങളെ വീരവനിതകള്‍ എന്നൊക്കെ പറയുന്നത്,’ മഞ്ജു പറഞ്ഞു.

സമരത്തിനിറങ്ങിയവര്‍ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ബലം പ്രയോഗിച്ചെന്നും ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ലെന്നും പുല്‍വാമയില്‍ കൊല്ലപ്പെട്ട മറ്റൊരു സൈനികന്‍ ജീത്ത് റാം ഗുര്‍ജാറിന്റെ ഭാര്യ സുന്ദരി ഗുര്‍ജാറും പറഞ്ഞു.

‘മരണ ശേഷം എന്റെ ഭര്‍ത്താവിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. അതോടൊപ്പം ഗ്രാമത്തിലെ സ്‌കൂളിന് എന്റെ ഭര്‍ത്താവിന്റെ പേര് നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇതൊന്നും തന്നെ ഇത് വരെ നടപ്പിലായിട്ടില്ല. മന്ത്രിയെ കാണാന്‍ പോയ സമയത്ത് ഞങ്ങളെ അതിന് അനുവദിച്ചില്ല. എന്റെ ഭര്‍ത്താവിന്റെ അനുജന് സര്‍ക്കാര്‍ ജോലി തരാമെന്നും അവര്‍ പറഞ്ഞിരുന്നു. അതും അവര്‍ നടപ്പാക്കിയില്ല. പകരം ഞങ്ങളെ ബലം പ്രയോഗിച്ച് നീക്കാനാണ് അവര്‍ ശ്രമിച്ചത്,’ സുന്ദരി ഗുര്‍ജാര്‍ പറഞ്ഞു.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജസ്ഥാനിലെ ബി.ജെ.പി എം.പി കിരോരി ലാല്‍ മീനയും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ആരോപണങ്ങളെ തള്ളി രാജസ്ഥാനിലെ സൈനിക് കല്ല്യാണ്‍ മന്ത്രി രാജേന്ദ്ര സിങ് നേരിട്ട് രംഗത്തെത്തി. ആക്രമണ സമയത്ത് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയെന്നും അവകാശപ്പെട്ടു.

സര്‍ക്കാര്‍ ജോലിയാണ് അവരുടെ ആവശ്യമെങ്കില്‍ അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

Content Highlight: Pulwama martyrs widows allegation against rajasthan government

We use cookies to give you the best possible experience. Learn more