| Sunday, 17th February 2019, 2:34 pm

പുല്‍വാമയില്‍ സ്‌ഫോടനം നടത്തിയ ആദില്‍ അഹമ്മദ് രണ്ടുവര്‍ഷത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആറുതവണ: എല്ലാതവണയും കേസുപോലുമെടുക്കാതെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ചാവേര്‍ ആദില്‍ അഹമ്മദിനെ രണ്ടുവര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്തത് ആറുതവണ. എന്നാല്‍ എല്ലാതവണയും കേസ് പോലും രജിസ്റ്റര്‍ ചെയ്യാതെ ഇയാളെ വെറുതെ വിടുകയാണ് ചെയ്തത്.

ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് സഹായം ചെയ്തുകൊടുക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നും കല്ലേറ് നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പല സന്ദര്‍ഭങ്ങളിലായി ഇയാളെ കസ്റ്റഡിയിലെടുത്തത്. 2016 സെപ്റ്റംബറിനും 2018 മാര്‍ച്ചിനും ഇടയില്‍ ആറുതവണയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനേയം പുല്‍വാമ പൊലീസിലെ ഉന്നതനേയും ഉദ്ധരിച്ച് മുംബൈ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

സുരക്ഷാ ഏജന്‍സികളെ സംബന്ധിച്ച് ഏറെ പരിചയമുള്ള വ്യക്തിയായിരുന്നു ആദില്‍ എന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആദിലിനെ ഏതെങ്കിലും കേസില്‍ പ്രതിയാക്കുകയോ, എഫ്.ഐ.ആറില്‍ പേര് ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ സംഭവത്തില്‍ ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോയെന്ന ചോദ്യമുയരുകയാണ്.

Also read:ഭീകരാക്രമണം; പദ്ധതിയിട്ടത് പാക് ആശുപത്രിയില്‍: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ഇന്ത്യ

2016ലാണ് ആദില്‍ ലഷ്‌കറിനുവേണ്ടി താഴേത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജമ്മുകശ്മീരിലേക്ക് നുഴഞ്ഞു കയറുന്ന ലഷ്‌കര്‍ ഭീകരവാദികള്‍ക്ക് സുരക്ഷിതമായ അഭയകേന്ദ്രം ഒരുക്കി നല്‍കുകയും ആവശ്യമുള്ള മറ്റ് സഹായം ചെയ്തുനല്‍കുകയും ചെയ്തിരുന്നു. ലഷ്‌കര്‍ കമ്മാന്‍ഡര്‍മാരേയും അവര്‍ക്കൊപ്പം ചേരാനാഗ്രഹിക്കുന്ന യുവാക്കളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായും ഇയാള്‍ പ്രവര്‍ത്തിച്ചെന്ന് പുല്‍വാല ഓഫീസര്‍ പറയുന്നു.

“ആദില്‍ ജെയ്‌ഷെയില്‍ ചേരുന്നതിനു മുമ്പ് സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിഞ്ഞതിനു രണ്ടുതവണയും ലഷ്‌കര്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്‌തെന്ന സംശയത്തില്‍ നാലുതവണയും ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയോ കശ്മീരിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലെ എഫ്.ഐ.ആറില്‍ പേരുവരികയോ ചെയ്തിട്ടില്ല.” ഓഫീസര്‍ വിശദീകരിക്കുന്നു.

ഓഫീസറുടെ വിശദീകരണത്തിനു പിന്നാലെ ആദില്‍ അഹമ്മദിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ ദുരൂഹതയാരോപിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നത്.



We use cookies to give you the best possible experience. Learn more