ന്യൂദല്‍ഹി: ഗോദ്രപോലെ ബി.ജെ.പി ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണമായിരുന്നു പുല്‍വാമ ഭീകരാക്രമണമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല. പുല്‍വാമ ആക്രമണത്തിനു ഉപയോഗിച്ച അര്‍.ഡി.എക്‌സ് നിറച്ച വണ്ടിയില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ നമ്പറുകളായ ജി, ജെ എന്നിവ ഉണ്ടായിരുന്നതായും ശങ്കര്‍സിങ് വഗേല ആരോപിക്കുന്നു.
തെരെഞ്ഞെടുപ്പിനു വിജയിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ തീവ്രവാദം ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നിരവധി തീവ്രവാദ ആക്രമണങ്ങളാണ് ഉണ്ടായതെന്നും വഗേല മാധ്യമങ്ങളോട് പറഞ്ഞു.
‘ബാലക്കോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഒരു അന്തരാഷ്ട്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാലകോട്ട് വ്യോമാക്രമണം ആസൂത്രിത ഗൂഢാലോചനയാണ്. അത് സങ്കല്‍പ്പത്തില്‍ മാത്രം സംഭവിച്ചതാണ്’- ശങ്കര്‍സിങ് വഗേല പറഞ്ഞു.
‘പുല്‍വാമയില്‍ ആക്രമണം നടക്കുമെന്ന് ഇന്റെലിജെന്‍സിന്റെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷവും മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടില്ല. ബാലക്കോട്ടിനെ കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഈ ക്യാംപുകള്‍ക്കെതിരെ നടപടി എടുത്തില്ല. പുല്‍വാമപോലെ എന്തെങ്കിലും സംഭവിക്കാന്‍ എന്തിനു കാത്തിരുന്നു’- ശങ്കര്‍സിങ് വഗേല ചോദിച്ചു.
ബി.ജെ.പിക്ക് എല്ലാ കാര്യങ്ങളിലും പങ്കുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയാണ് അതിര്‍ത്തിയില്‍ സംഘട്ടനമുണ്ടാക്കുന്നതെന്നും വഗേല പറഞ്ഞു.
ബി.ജെ.പിയുടെ ഗുജറാത്ത് മോഡല്‍ പരാജയമാണ്. ബി.ജെ.പി നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണ്. അടിമത്തൊഴിലാളികളെ പോലെയാണെന്നാണ് അവര്‍ക്ക് തോന്നുന്നതെന്നും വഗേല പറഞ്ഞു.
അതേസമയം, ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടി ഇന്ത്യ സ്വാഗതം ചെയ്തു. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഇത് ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാണിതെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
മസൂദ് അസ്‌റിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്നുള്ളത് ഇന്ത്യയുടെ ആവശ്യമായിരുന്നെന്നും ഇത് ഒരു പ്രത്യേക സംഭവവുമായി ബന്ധമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
‘മസൂദ് അസറിനെ ആഗോള തീവ്രവാദിയാക്കി പ്രഖ്യാപിക്കുക എന്നത് 1267 കമ്മറ്റികളുടെ തീരുമാനമാണ്. ഇത് ഒരു പ്രത്യേക സംഭവത്തെ ആസ്പദമാക്കിയുള്ളതല്ല. മസൂദ് അസറിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വളരെ കൃത്യമായ തെളിവുകള്‍ ഇന്ത്യ സമര്‍പ്പിച്ചിരുന്നു’-രവീഷ് കുമാര്‍ പറഞ്ഞു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിലൂടെ മൂന്നുകാര്യങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാകിസ്താന്‍ ഉറപ്പുവരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വത്തുക്കള്‍ മരവിപ്പിക്കുകയും ധനാഗമന മാര്‍ഗങ്ങള്‍ തടയുകയും ചെയ്യുക എന്നതാണ് ആദ്യത്തേത്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തുക, ആയുധങ്ങള്‍ വാങ്ങാനോ കൈവശം വയ്ക്കാനോ, വിതരണം ചെയ്യാനോ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് മറ്റുരണ്ടും. ഇക്കാര്യം ഉറപ്പാക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.