| Thursday, 30th May 2019, 2:00 pm

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പുല്‍വാമ ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ക്കും ക്ഷണം.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് പറഞ്ഞ് ദല്‍ഹിയില്‍ നിന്നും സന്ദേശം ലഭിച്ചെന്നും കണ്ണീരോടെയാണ് ഇവിടെ എത്തിയതെന്നും സുദീപ് ബിശ്വാസ് എന്ന സി.ആര്‍.പി.എഫ് സൈനികന്റെ അമ്മ പറഞ്ഞു.

ഫെബ്രുവരി 14 ന് പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു ഭീകരാക്രണം നടന്നത്. തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 49 സി.ആര്‍.പി.എഫ് ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്.

നേരത്തെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ടെവരെന്ന് ബി.ജെ.പി അവകാശപ്പെട്ട 52 പ്രവര്‍ത്തകരുടെ ബന്ധുക്കളെ യും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍ ബംഗാളില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്നും ബി.ജെ.പിയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 7000 പേര്‍ക്കാണ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

We use cookies to give you the best possible experience. Learn more